Breaking News

ചിരിക്കുന്നവരെല്ലാം സ്‌നേ‌ഹിതന്മാരാണെന്ന് സുധാകരന്‍ കരുതരുത്; മുന്നില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്ന് ചെന്നിത്തല.., ഇതൊക്കെ താന്‍ അനുഭവിച്ചറിഞ്ഞതെന്ന് മുരളീധരൻ..

 


തിരുവനന്തപുരം: സി പി എം തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളിലും ആക്രമണങ്ങളിലും പാര്‍ട്ടിയുടെ പിന്തുണയോ സംരക്ഷണമോ കിട്ടിയില്ലെന്ന പരാതി പരസ്യമായി പ്രകടിപ്പിച്ച്‌ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ദിര ഭവനില്‍ കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ തന്നെ ചെന്നിത്തല ഇക്കാര്യം തുറന്നുപറഞ്ഞത്.


കേരളത്തിലെ കോ​ണ്‍​ഗ്രസിനെ ഇല്ലായ്‌മ ചെയ്യാന്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ്. ഇന്നലത്തെ പത്രം കണ്ടപ്പോള്‍ തനിക്ക് വേദന തോന്നി. കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റെടുക്കുന്നത് ഇന്നു മാത്രമാണ്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി കെ പി സി സി അദ്ധ്യക്ഷനെപ്പറ്റി പറഞ്ഞത് അദ്ദേഹം ബി ജെ പിയുടെ വാലാണെന്നും ബി ജെ പിയില്‍ ചേരാന്‍ പോകുകായണെന്നുമാണ്.


അപ്പോള്‍ ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. കാരണം തനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതിലെ വേദന അന്ന് തോന്നിയിരുന്നുവെന്ന് ചെന്നിത്തല വെളിപ്പെടുത്തി.


'ഓര്‍മ്മവച്ച കാലം മുതല്‍ കോണ്‍​ഗ്രസില്‍ ജീവിച്ച ഞാന്‍ ബി ജെ പിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേ‍ര്‍ന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോര്‍ക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാന്‍ സുധാകരന് വേണ്ടി സംസാരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്ബെയ്‌താല്‍ നമുക്ക് എല്ലാവര്‍ക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാല്‍ കോണ്‍​ഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്' എന്നും ചെന്നിത്തല പറഞ്ഞു.


ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് സുധാകരന്‍ കരുതരുത്. മുമ്ബില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് തന്‍്റെ അനുഭവപാഠം. ആ പാഠം അങ്ങേയ്ക്കും ഓ‍ര്‍മ്മയില്‍ ഇരിക്കട്ടെയെന്ന് സുധാകരനെ നോക്കി ചെന്നിത്തല പറഞ്ഞു.


കണ്ണൂര്‍ ഡി സി സി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച മുന്‍പരിചയം സുധാകരനുണ്ട്. പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറാണ്. സുധാകരന് താത്പര്യമില്ലാതിരുന്ന ഒരാളെ കണ്ണൂര്‍ ഡി സി സി അദ്ധ്യക്ഷനാക്കേണ്ട സാഹചര്യം താനും ഉമ്മന്‍ ചാണ്ടിയും പറഞ്ഞപ്പോള്‍ വ്യക്തിതാത്പര്യം മാറ്റിവച്ച്‌ ആ തീരുമാനം അം​ഗീകരിച്ചയാളാണ് സുധാകരനെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.


കൊവിഡ് വന്ന അവസാന രണ്ട് വ‍ര്‍ഷം ഇല്ലായിരുന്നുവെങ്കില്‍ ജനവിധി മറ്റൊന്നായേനെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടേത്. ഇപ്പോഴും അഴിമതിയുടെ കഥകള്‍ ഒരോന്നായി പുറത്തു വരുന്നു. അനാവരണം ചെയ്യപ്പെടാത്ത നിരവധി അഴിമതികഥകള്‍ ഇനിയും വരാനുണ്ട്. കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കി മാദ്ധ്യമങ്ങളെ മയക്കി കിടത്തിയപ്പോള്‍ ഇതെല്ലാം അവ​ഗണിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിന്‍്റെ അറിവില്ലാതെ മരംവെട്ട് പോലുള്ള അഴിമതികള്‍ നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.


ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ അംഗീകരിക്കുന്നുവെന്നായിരുന്നു കെ മുരളീധരന്‍ എം പി അതേവേദിയില്‍ പറഞ്ഞത്. തനിക്ക് ഇത് പണ്ടേ മനസിലായ കാര്യമാണ്. രമേശ് ചെന്നിത്തലയ്‌ക്ക് ഇപ്പോള്‍ മാത്രമാണ് മനസിലായത്. ഇതൊക്കെ പണ്ടേ താന്‍ അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാത്തിനോടും തനിക്കൊരു നിസംഗതയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍റെയും ചെന്നിത്തലയുടേയും വാക്കുകള്‍ വേദിയിലും സദസിലും കൂട്ടച്ചിരി ഉയര്‍ത്തി.

No comments