‘എന്തുകൊണ്ട് തോറ്റു എന്നല്ല, എങ്ങനെ ജയിക്കുമെന്നും ആലോചിക്കണം’ ; കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുരളീധരന്‍..
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണമെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയുടെ മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നും ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവെന്നും മുരളീധരന്‍ പറഞ്ഞു. 2001ന് ശേഷം കോണ്‍ഗ്രസ് കക്ഷി നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. എന്തുകൊണ്ട് തോറ്റു എന്നതല്ല, എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം. എന്‍എസ് എസ് ഒഴികെ എല്ലാ സംഘടനകളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ടുയെന്നും ഭക്ഷണം നല്‍കുന്നവനൊപ്പം ജനം നില്‍ക്കൂവെന്ന് മനസിലാക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കെ മുരളീധരന്‍ പറഞ്ഞത്: ”എങ്ങനെ വിജയിക്കും. വിശക്കുന്നവന്റെ മുന്നില്‍ ആര് അന്നം എത്തിക്കും, അവര്‍ക്കൊപ്പം ജനം നില്‍ക്കും. കാരണം പലര്‍ക്കും ജോലി പോയി. പലര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. അവര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് ഗവേഷണത്തിന് പോകില്ല. ആര് മരം മുറിച്ചുയെന്നും നോക്കില്ല. പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടിക്ക് മുന്നില്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തുമ്പോള്‍, അത് എത്തിച്ചു കൊടുക്കുന്നവരോട് ഒരു ഇഷ്ടമുണ്ടാകും. ഞാന്‍ പറയുന്നത്, നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി പൊളിച്ചെഴുത്ത് നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധിക്കൂ. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരാളെ വെട്ടി, ഞാന്‍ മാത്രം മതിയെന്ന കാലഘട്ടം പോയി.
”ചിലര്‍ പാര്‍ട്ടി വിടുമ്പോള്‍ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തിനൊപ്പം പോകും. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാന്‍ പ്രത്യേക ടീമിനെ വച്ചു. അവര്‍ നിരന്തരമായി നേതാക്കളെ കണ്ടു. അതിന്റെ നേട്ടം ഇടതുമുന്നണിക്കുണ്ടായി. എസ്എസ്എസ് മാത്രമാണ് ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാവരും കോണ്‍ഗ്രസിനെ കൈവിട്ടു. തെരഞ്ഞെടുപ്പില്‍ ഒമ്പത് സ്ഥലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് നിസാരമായി കാണരുത്.”-മുരളീധരന്‍ പറഞ്ഞു.

No comments