പിസി ചാക്കോ പാര്‍ട്ടിയെ 'വിഴുങ്ങി' ; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി...
പത്തനംതിട്ട: എന്‍.സി.പിയില്‍ പി.സി. ചാക്കോക്കെതിരെ പഴയ എന്‍.സി.പിക്കാരുടെ പടയൊരുക്കം. കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോ മൂന്നു മാസത്തിനകം തന്നെ ഏകാധിപതിയായി മാറിയെന്നാണ് ആക്ഷേപം. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐ.എന്‍.എല്ലില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനു പിന്നാലെയാണ് മറ്റൊരു ഘടകകക്ഷിയിലും അസ്വസ്ഥത പുകഞ്ഞുതുടങ്ങിയത്. കോണ്‍ഗ്രസില്‍ പുറത്താകലിെന്റ വക്കിലായിരുന്ന ചാക്കോയെ ചുവന്ന പരവതാനി വിരിച്ച് എന്‍.സി.പിയിലേക്ക് എത്തിക്കാന്‍ നേതൃത്വം നല്കിയ മുതിര്‍ന്ന നേതാക്കളടക്കം ചാക്കോയുടെ നിലപാടുകളില്‍ നിരാശയിലാണ്.
കോണ്‍ഗ്രസ് ഹൈകമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും അപ്രിയനായി പുറത്താകലിെന്റ വക്കത്തായിരുന്നപ്പോഴാണ് ഇടതു മുന്നണിക്ക് തുടര്‍ഭരണ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ചാക്കോ എന്‍.സി.പിയിലേക്ക് ചേക്കേറിയത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് നടന്ന ഈ നീക്കത്തിന് പിന്തുണയുമായി എന്‍.സി.പി സംസ്ഥാന ഘടകം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇടതു മുന്നണി പ്രചാരണ വേദികളില്‍ എന്‍.സി.പി പ്രതിനിധിയായി ചാക്കോയെ എത്തിക്കാനും നേതാക്കള്‍ തയാറായി.
ഈ ഘട്ടത്തില്‍ എന്‍.സി.പി നേതാക്കളുടെ താല്പര്യങ്ങള് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചതോടെ ഏകാധിപതിയായി മാറിയെന്നാണ് ആക്ഷേപം. കോണ്‍ഗ്രസില്‍ മോഹഭംഗം നേരിട്ട ഏതാനും നേതാക്കള്‍ ചാക്കോക്ക് പിന്നാലെ എന്‍.സി.പിയിലെത്തിയിരുന്നു. സ്വന്തമായി ഒരു അനുയായി പോലുമില്ലാത്ത നേതാക്കളാണ് ഇങ്ങനെ എത്തിയതെന്നാണ് എന്‍.സി.പിക്കാരുടെ ആക്ഷേപം.
പ്രസിഡന്റായതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ചാക്കോ പുനഃസംഘടിപ്പിച്ചു. പഴയ എന്‍.സി.പിക്കാരുടെ താല്പര്യങ്ങള് തള്ളി പുതിയതായി എത്തിയവരെ ഉള്‍പ്പെടുത്തി ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രമം. പിന്നാലെ പോഷക സംഘടനകളില്‍ നടത്തിയ നിയമനങ്ങളിലും എന്‍.സി.പിക്കാരെ തഴഞ്ഞു. ഏതാനും ജില്ല പ്രസിഡന്റുമാരെയും മാറ്റി. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുന്ന നീക്കങ്ങള്‍ തുടര്‍ന്നതോടെയാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തവര്‍ അപകടം മണത്തത്.
മന്ത്രിയെപ്പോലും വരുതിയില്‍ നിര്‍ത്താനുള്ള നീക്കം ഉണ്ടായതോടെ പരസ്യപ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുന്മാധ്യമ പ്രവര്‍ത്തകനെ മന്ത്രിയുടെ ഓഫിസില്‍ സുപ്രധാന തസ്തികയില്‍ എത്തിക്കാന്‍ നടത്തിയ നീക്കവും വിവാദമായി. ഇദ്ദേഹം സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫിസില്‍ പ്യൂണായി നിയമിക്കാനും ശ്രമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ തവണ മന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായ പാര്‍ട്ടിക്കാരനെ സമ്മര്‍ദം ചെലുത്തി ഒഴിവാക്കി. ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനും ശ്രമമുണ്ട്. ആഭ്യന്തര കലഹം പരസ്യപ്പോരിലേക്ക് നീങ്ങുേമ്ബാള് ഒരു ദേശീയ സെക്രട്ടറി മാത്രമാണ് ചാക്കോക്ക് ഒപ്പമുള്ളതെന്നാണ് വിവരം.

No comments