Breaking News

അഞ്ച് വര്‍ഷം അഞ്ച് മുഖ്യമന്ത്രി.., ഓരോ വര്‍ഷവും ഓരോ ജാതിയിലുള്ളവര്‍ക്ക് മുഖ്യമന്ത്രി പദം.., യുപിയില്‍ യോഗിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പദ്ധതി..

 


ലക്നൗ : അടുത്തിടെ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി സര്‍ക്കാരിനെ പുറത്താക്കാന്‍ പുതിയ അടവുമായി പ്രതിപക്ഷത്തെ ഓം പ്രകാശ് രാജ്ഭര്‍. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി മറ്റ് ഒന്‍പത് ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരിക്കുകയാണ്. 'ഭഗിദാരി സങ്കല്‍പ് മോര്‍ച്ച'എന്ന സഖ്യം അധികാരത്തിലെത്തിയാല്‍ അഞ്ച് പേര്‍ ഓരോ വര്‍ഷം വീതം കാലാവധിയില്‍ മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഓം പ്രകാശ് രാജ്ഭറിന്റെ അവകാശവാദം.


മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും, പിന്നാക്ക ജാതിയിലെ എല്ലാം പ്രതിനിധികള്‍ക്കും അധികാരം ഉറപ്പിക്കുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പറയുന്നു.


ഈ വിചിത്രമായ അധികാര പങ്കിടല്‍ പദ്ധതിയാണ് അദ്ദേഹം മുന്നോട്ട് വച്ചിട്ടുള്ളത്.


'ദരിദ്രരും താഴ്ന്നവരുമായ എല്ലാ പ്രധാന ജാതിക്കാര്‍ക്കും അധികാരത്തില്‍ ഒരു പങ്ക് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. എല്ലാ തസ്തികകളും സ്വയം വഹിക്കാനും മറ്റുള്ളവരെ നഷ്ടപ്പെടുത്താനും എനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് ' പത്ര സമ്മേളനത്തില്‍ ഓം പ്രകാശ് രാജ്ഭര്‍ അഭിപ്രായപ്പെട്ടത്. അംബേദ്കറിനുശേഷം, മന്ത്രിസഭാ സ്ഥാനത്ത് നിന്ന് രാജിവച്ച രണ്ടാമത്തെ വ്യക്തിയാണ് താനെന്ന് അവകാശപ്പെട്ട ഓം പ്രകാശ് തന്നെ വിശ്വസിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഉത്തര്‍പ്രദേശില്‍ ഭരണക്ഷിയായ ബി ജെ പിയ്‌ക്കൊപ്പമായിരുന്നു ഓം പ്രകാശ്. ബി ജെ പിയുമായി വേര്‍പിരിഞ്ഞ ശേഷം യോഗി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് ഓംപ്രകാശ് ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശില്‍ ബി ജെ പി മുങ്ങുന്ന ബോട്ടാണെന്നും ഞാന്‍ അതില്‍ സവാരി ചെയ്യില്ലെന്നും ഓം പ്രകാശ് പറഞ്ഞിരുന്നു. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എഐഐഎമ്മുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ ഓം പ്രകാശ് തള്ളിപ്പറഞ്ഞു.


2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലാണ് ബിജെപിയുമായി കൈകോര്‍ത്തു ഓംപ്രകാശിന്റെ പാര്‍ട്ടി മത്സരിച്ചത് ഇതില്‍ നാല് സീറ്റുകളിലാണ് ജയിച്ചുകയറാനായത്. തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തതിന്റെ 0.7 ശതമാനം വോട്ട് പാര്‍ട്ടി നേടി.

No comments