അധിര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതൃ സ്ഥാനത്തു നിന്ന് നീക്കും..!! ശശി തരൂരിന്റെ അടക്കം പേരുകള്‍ പരിഗണനയിൽ.. രാഹുൽ ഗാന്ധിയുടെ..
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തു നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റും.
കോണ്‍ഗ്രസില്‍ അഴിച്ചു പണിയും നേതൃമാറ്റവും അത്യാവശ്യമാണെന്ന് കാണിച്ച് സോണിയാ ഗാന്ധിക്ക് കഴിഞ്ഞ വര്‍ഷം കത്തെഴുതിയ നേതാക്കളടക്കമുള്ളവരെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിക്ക് നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായി കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരത്തിന്റെ എം പി ശശി തരൂരിന്റെയും മനീഷ് തിവാരിയുടേയും പേരുകളാണ് മുന്‍പന്തിയിലുള്ളത്. ഗൗരവ് ഗൊഗോയി, രവ്ണീത് സിംഗ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ഇതില്‍ തരൂരും മനീഷ് തിവാരിയും കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് വിവാദ കത്തെഴുതിയവരില്‍ പെട്ട നേതാക്കന്മാരാണ്. ആ കത്തെഴുതിയതിനു ശേഷം ഇരുവര്‍ക്കും പാര്‍ട്ടിയിലുള്ള സ്ഥാനങ്ങള്‍ നഷ്ടമായിരുന്നു. ഗുലാം നബി ആസാദ്, മോട്ടിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു അന്ന് കത്തെഴുതിയ മറ്റ് നേതാക്കന്മാര്‍.
ഇരട്ടപദവി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ ഇപ്പോള്‍ നേതൃ സ്ഥാനത്തു നിന്ന് മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് നിലവില്‍ അധിര്‍ രഞ്ജന്‍ ചൗധരി. പാര്‍ട്ടിക്കുള്ളില്‍ ഇരട്ടപദവിയുള്ള മറ്റ് നേതാക്കന്മാരെയും ഉടനെ അതാത് സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

No comments