ബി.ജെ.പി വിട്ട് 24 എം.എല്‍.എമാര്‍ തൃണമൂലിലെത്തുമെന്ന് ബിജെപി എംഎൽഎ മുകുള്‍ റോയ്..
പശ്ചിമബംഗാളില്‍ ബി.ജെ.പിയിലെ കൂടുതല്‍ എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ റോയ്.
24ഓളം ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂലില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായാണ് തൃണമൂല്‍ നേതാവിന്‍റെ വാദം.
ബി.ജെ.പി വിട്ട് കാളിയാഗഞ്ച് എം.എല്‍.എ സൗമന്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് മുകുള്‍ റോയ്യുടെ പ്രസ്താവന. ഇത് ബി.ജെ.പിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായതായാണ് വിവരം.
'മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ 24 എം.എല്‍.എമാര്‍ സന്നദ്ധത അറിയിച്ചു. കൂടുതല്‍ പേര്‍ തൃണമൂലിലെത്തും. പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരുടെ വലിയ നിര കാണാനാകും' -മുകുള്‍ റോയ് പറഞ്ഞു.
ബി.ജെ.പി എം.എല്‍.എമായ മുകുള്‍ റോയ്യും മകന്‍ സുഭ്രാന്‍ശുവും ജൂണില്‍ തൃണമൂലിലേക്ക് തിരികെയെത്തുകയായിരുന്നു. 2017ലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബുതന്നെ മുകുള്‍ റോയ് മമതക്കൊപ്പം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു മുകുള്‍ റോയ്യുടെ മടക്കം.
അടുത്തിടെ നാല് ബി.ജെ.പി എം.എല്‍.എമാരാണ് തൃണമൂലിലെത്തിയത്. മുകുള്‍ റോയ്യെയും സൗമന്‍ റോയ്യെയും കൂടാതെ ബിസ്വജിത് ദാസ്, തന്‍മോയ് ഘോഷ് എന്നിവരാണ് തൃണമൂലില്‍ എത്തിയവര്‍. മുകുള്‍ റോയ്യോട് അടുപ്പമുള്ളവരാണ് തൃണമൂലില്‍ തിരിച്ചെത്തിയവരെല്ലാവരും.
എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്കില്‍ ഞെട്ടലുണ്ടെങ്കിലും മുകുള്‍ റോയ് വൈരുദ്ധ്യങ്ങള്‍ പ്രസ്താവിക്കുന്നതില്‍ കുപ്രസിദ്ധനാണെന്നായിരുന്നു ബി.ജെ.പി നേതാവ് രിതേഷ് തിവാരിയുടെ പ്രതികരണം. 'മുകുള്‍ റോയ് രാവിലെ എന്താണോ പറയുന്നത്, അതിന്‍റെ നേര്‍വിപരീതമായിരിക്കും വൈകിട്ട് പറയുക. മുകുള്‍ റോയ് ബി.ജെ.പിയിലേക്ക് കൂറുമാറി. ശേഷം കൃഷ്ണനഗറില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി ജയിക്കുമെന്ന് പറഞ്ഞു. അതിനാല്‍ അദ്ദേഹം പറയുന്നത് കാര്യമായെടുക്കാറില്ല' -തിവാരി പറഞ്ഞു.

No comments