വിനയായതെന്തെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി കെ സുധാകരൻ..!! ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ കക്ഷികള്‍ക്കിടയിലും ധാരണ..!! സുധാകരന്റെ മുന്നറിയിപ്പ്..
സംഘടനാസംവിധാനത്തിലെ ദൗര്‍ബല്യവും കൊവിഡ് മൂലം സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാവാതെ പോയതും സര്‍ക്കാര്‍ ഏകപക്ഷീയമായി കൈക്കൊണ്ട സമീപനങ്ങളുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് യു.ഡി.എഫിന്റെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാനായി ചേര്‍ന്ന പൂര്‍ണദിവസ മുന്നണി യോഗത്തില്‍ ഓരോ ഘടകകക്ഷിയുടെയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വിശദമായ ചര്‍ച്ചയാണ് നടത്തിയത്.
ഘടകകക്ഷികള്‍ അവരവരുടെ സ്വന്തം നിലയ്ക്കും മുന്നണിയെന്ന നിലയിലും ആവശ്യമായ തിരുത്തല്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മുന്നണിയോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്‍നിറുത്തിയുള്ള മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തുന്നതില്‍ പാളിച്ചയുണ്ടായെന്ന് യോഗം വിലയിരുത്തി. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും യു.ഡി.എഫ് മണ്ഡലംകമ്മിറ്റികള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15വരെ യു.ഡി.എഫ് നിയോജക മണ്ഡലം സമ്മേളനങ്ങള്‍ ചേരും. നിയമസഭാസമ്മേളനത്തിന് ശേഷം നവംബര്‍ 15 മുതല്‍ 21വരെ ജില്ലാതല നേതൃസമ്മേളനങ്ങളും ഡിസംബറില്‍ പുതുതായി രൂപീകരിക്കുന്ന മണ്ഡലം കണ്‍വെന്‍ഷനുകളും ജനുവരിയില്‍ സംസ്ഥാനതല ഭാരവാഹി കണ്‍വെന്‍ഷനും ചേരും.
യു.ഡി.എഫില്‍ ചെറിയ കക്ഷിയെന്നോ വലിയവരെന്നോ ഉള്ള വിവേചനം പാടില്ലെന്ന് കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ കക്ഷികള്‍ ചൂണ്ടിക്കാട്ടി. പത്തും ഇരുപതും കൊല്ലങ്ങള്‍ക്ക് മുമ്ബുണ്ടാക്കിയ മുന്നണിസംവിധാനമാണ് താഴെത്തട്ടിലുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രത്യക്ഷമാകുന്ന ഈയവസ്ഥ മാറണം. വിമര്‍ശനങ്ങളെ പോസിറ്റീവായെടുത്ത നേതൃത്വം, താഴെത്തട്ടില്‍ മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടാക്കാമെന്ന ഉറപ്പ് നല്‍കി. തുല്യപരിഗണന ലഭിക്കുന്ന തരത്തില്‍ പുനഃസംഘടനയുണ്ടാകും. എലത്തൂരിലെ ഡി.സി.കെ സ്ഥാനാര്‍ത്ഥിക്കുണ്ടായ ദുരനുഭവം ആ പാര്‍ട്ടിയുടെ പ്രസിഡന്റ് സലിം പി. മാത്യു പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മാത്രം സ്ഥാനാര്‍ത്ഥികളെത്തുന്ന രീതിയാണ് വിനയാകുന്നതെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്ബെങ്കിലും സ്ഥാനാര്‍ത്ഥി സജ്ജമായി മണ്ഡലം കേന്ദ്രീകരിക്കുന്ന നിലയുണ്ടാവണം. കരുനാഗപ്പള്ളിയില്‍ സി.ആര്‍. മഹേഷിന്റെ ഉദാഹരണവും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോല്‍വിക്കിടയിലും കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിലെ വിജയവും പാഠമാകേണ്ടതാണെന്നും അഭിപ്രായമുയര്‍ന്നു.
ഇടതുമുന്നണിയുടെ കെട്ടുറപ്പും സാമൂഹികാടിത്തറ വിപുലമായതും അവരുടെ വിജയത്തിന് വഴിവച്ചെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി. കൊവിഡ് വൊളന്റിയര്‍മാര്‍ മുഴുവന്‍ ഇടതുമുന്നണിക്കാരായിരുന്നതും കിറ്റും ക്ഷേമപെന്‍ഷനും മറ്റും അവര്‍ അവസരമാക്കിയെടുത്തതും ഗുണമായി. ഇടതുമുന്നണി സീറ്റ് നല്‍കിയാല്‍ സ്ഥാനാര്‍ത്ഥി മുന്നണിയുടേതാണെന്ന നിലയിലാകും പ്രവര്‍ത്തനം. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നൂറിലേറെ മണ്ഡലങ്ങളില്‍ ഇടത് ആധിപത്യം പ്രകടമായിട്ടും തിരുത്തലുണ്ടായില്ല. എല്ലാ കക്ഷികളുമായും രണ്ട് മാസത്തിലൊരിക്കലെങ്കിലും ചര്‍ച്ച നടത്തി ബന്ധം സജീവമാക്കാനും ധാരണയായി.

No comments