ബിജെപി വിരുദ്ധ മുന്നണിയിലായിരിക്കാം.., പക്ഷേ ആര്‍എസ്‌എസിനെ പറഞ്ഞാല്‍... ജാവേദ് അക്‌തറിന് ശിവസേന നല്‍കിയ മറുപടി ഇങ്ങനെ..
ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെതിരെ ശിവസേന.
ആര്‍.എസ്.എസ് പോലുളള ഹെെന്ദവ സംഘടനകളെ താലിബാനുമായി താരതമ്യം ചെയ്തത് ഹിന്ദു സംസ്കാരത്തോടുളള അനാദരവാണ്. ഇന്ത്യ സഹിഷ്ണുതയുളള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു തരത്തിലുളള ഇസ്ലാമിക മതമൗലികവാദിയുമായും താരതമ്യം ചെയ്യാനാവില്ലെന്നും ശിവസേന മുഖപത്രമായ 'സാമ്‌ന'യില്‍ പറയുന്നു.
ആര്‍.എസ്.എസ് 'രാഷ്ട്രനിര്‍മ്മാണ സംഘടന'യാണെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുതെന്ന് മാത്രം ആഗ്രഹിക്കുന്ന സംഘടന, താലിബാന്‍ ചെയ്തതുപോലെ, രാജ്യത്തെ പൗരന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണ്, എന്നാല്‍ ഇന്ത്യ അഭിമാനപൂര്‍വ്വം മതേതര രാജ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്, വി.എച്ച്.പി പോലുള്ള സംഘടനകള്‍ക്ക് ഹിന്ദുത്വം ഒരു സംസ്കാരമാണ്. ഹിന്ദുക്കളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മാത്രമല്ല, അത് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ അവസ്ഥ ഹൃദയഭേദകമാണ്. പലരും ഭയത്താല്‍ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതായും 'സാമ്‌ന' മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചു.
ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെ താലിബാനോടുപമിച്ച നടപടിയില്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യത്തെ ശിവസേനയും പിന്തുണച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പിയും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. അതേസമയം, രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘത്തിന്റെ ഭാരവാഹികളോട് കൈകള്‍ കോര്‍ത്ത് മാപ്പ് ചോദിക്കുന്നതുവരെ അദ്ദേഹത്തിന്റെയോ കുടുംബത്തിന്റെയോ ഒരു സിനിമയും ഈ ഭൂമിയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എം.എല്‍.എ രാം കദം മുന്നറിയിപ്പ് നല്‍കി.

No comments