'സുധാകരന് ഒരു സ്വഭാവമുണ്ട്...' മോന്‍സന്റെ ചികിത്സയില്‍ മുരളീധരന്റെ പ്രതികരണം..
പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്റെ വീട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സയ്ക്ക് പോയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍.
ആരെങ്കിലും അവിടെ നല്ല ചികിത്സയാണെന്ന് പറഞ്ഞാല്‍ ഉടനെ അങ്ങോട്ട് പോകുന്ന ഏര്‍പ്പാട് സുധാകരനുണ്ടെന്നും ഇക്കാര്യവും അങ്ങനെ സംഭവിച്ചതാണെന്ന് മുരളീധരന്‍ പറഞ്ഞു.
കെ മുരളീധരന്റെ വാക്കുകള്‍: ''മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് സുധാകരന്‍ കേട്ടിട്ടുണ്ടാകും. അദ്ദേഹത്തിനൊരു സ്വഭാവമുണ്ട്. ഞാന്‍ എപ്പോഴും അത് അദ്ദേഹത്തോട് പറയാറുണ്ട്. ആരെങ്കിലും അവിടെ നല്ല ചികിത്സയാണെന്ന് പറഞ്ഞാല്‍ ഉടനെ അങ്ങോട്ട് പോകുന്ന ഏര്‍പ്പാട്. ഇങ്ങനെ ചികിത്സ നടത്തരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ത്വക്ക് രോഗം വന്നപ്പോള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും ഇന്നയാള്‍ വിദഗ്ദനാണെന്ന്. അങ്ങനെ പറ്റിയതാണ്. അല്ലാതെ ഈ പറയുന്ന മറ്റ് കുഴപ്പമില്ല. മാത്രമല്ല, ഇത് സര്‍ക്കാരിന് അന്വേഷിക്കാമല്ലോ. ഏത് അന്വേഷണവും നടത്തട്ടേ.'' എംപിമാരുടെ ലിസ്റ്റ് നോക്കിയാണ് മോന്‍സന്‍ എല്ലാവരുടെയും പേര് പറഞ്ഞതെന്നും അതില്‍ വലിയ കഥയൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, മോന്‍സന്‍ വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു. മോന്‍സന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ചാനലുകളില്‍ പോകേണ്ടെന്നാണ് വക്താക്കള്‍ക്ക് കെപിസിസി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ചില ചാനലുകള്‍ ചര്‍ച്ചകള്‍ കെ സുധാകരനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ ബഹിഷ്‌കരണം.
ഇതിനിടെ തന്നെ സുധാകരനും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് മോന്‍സന്‍ മാവുങ്കല്‍ പറയുന്ന സംഭാഷണവും ഇന്ന് പുറത്തുവന്നു. സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷമുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുധാകരനുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും വീഡിയോയില്‍ മോന്‍സന്‍ പറയുന്നു. കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയ സമയത്ത് പരാതിക്കാര്‍ തന്നെയാണ് ഇയാളുടെ സംസാരത്തിന്റെയും മറ്റും വീഡിയോ പകര്‍ത്തുന്നത് ആരംഭിച്ചത്.
സംഭാഷണം ഇങ്ങനെ: ''റെഡ് ടാഗ് ഒന്ന് മാറിയാല്‍ ഞാന്‍ ഭയങ്കര കോടിശ്വരനാണ്. ഇത് കേരളത്തില്‍ അറിയാവുന്ന കുറച്ചു പേരുണ്ട്. ഒന്ന് നമ്മുടെ കെപിസിസി പ്രസിഡന്റ്. പുള്ളിക്കറിയാം. പിന്നെ വയലാര്‍ രവി, എകെ ആന്റണി. മന്ത്രിയായിരുന്ന സമയത്ത് വയലാര്‍ രവി ഒരുപാട് സഹായിച്ചിട്ടുണ്ട്. ആന്റണിക്ക് അറിയാം, പക്ഷെ സഹായിച്ചിട്ടില്ല. എച്ച്‌എസ്‌എ കേരളത്തില്‍ എനിക്ക് മാത്രമേയുള്ളൂ. 2018 മുതല്‍ എനിക്കുണ്ട് അത്. എംഎ യൂസഫലിക്ക് പോലുമില്ല അത്. 13 അക്കൗണ്ടുകള്‍ എന്റെ പേരിലുണ്ട്. ഇതില്‍ രണ്ട് അക്കൗണ്ടുകളില്‍ 100 കോടിക്ക് മുകളില്‍ പണമുണ്ട്.''

No comments