വെറുതെയല്ല രാജി..!! സുധീരന് ലക്ഷ്യമിടുന്നത് മറ്റു ചില കാര്യങ്ങള്‍..
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വവും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും അനുനയ ശ്രമങ്ങള്‍ നടത്തിയിട്ടും വഴങ്ങാതെ വി.എം.സുധീരന് കടുംപിടിത്തത്തില്‍. നിലപാട് ഒന്നുകൂടി ഉറപ്പിച്ച് എഐസിസി അംഗത്വവും സുധീരന് ഇന്നു രാജിവച്ചപ്പോള്‍ പ്രതിഷേധത്തില്‍നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.
സുധീരന് ഇടഞ്ഞു നില്ക്കാന് തുടങ്ങിയിട്ടു കാലം കുറെയായി. അതു പുകഞ്ഞുപുകഞ്ഞ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ എത്തിയെന്നു മാത്രമേയുള്ളൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയ കാര്യ സമിതി അംഗമായിരുന്നെങ്കിലും ഏറെക്കാലമായി അദ്ദേഹം രാഷ്ട്രീയകാര്യ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലായിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എഐസിസിയില്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ള ഏതെങ്കിലും പ്രധാന പദവി ലഭിക്കുമെന്ന പ്രതീക്ഷ സുധീരനുണ്ടായിരുന്നു. എന്നാല്‍, ആ പരിഗണനകളൊന്നും കിട്ടിയില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ പ്രതിഷേധം പുകഞ്ഞുതുടങ്ങിയത്.
ജോസ് കെ. മാണി യുഡിഎഫില്‍ ഉണ്ടായിരുന്ന കാലത്തു രാജ്യസഭാ സീറ്റ് കൊടുത്തതില്‍ പ്രതിഷേധിച്ചു പിന്നീടു യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനിന്നു തുടങ്ങി. പല കാര്യങ്ങളിലും തന്നോടു വേണ്ട രീതിയില്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരാതി അദ്ദേഹത്തിന് ഏറെക്കാലമായുണ്ട്.
മാത്രമല്ല ഡിസിസി പുനഃസംഘടനയും മറ്റും നടന്നപ്പോള്‍ തന്റെ ഒപ്പം നിന്നവരും തന്നോട് അനുഭാവം ഉള്ളവരുമായ നേതാക്കളെ പൂര്‍ണമായി തഴഞ്ഞതിലുള്ള കടുത്ത അതൃപ്തിയും സുധീരനുണ്ടെന്നുള്ളതാണ് സൂചന.
കേന്ദ്രനേതൃത്വത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍ തനിക്കെതിരേ കരുക്കള്‍ നീക്കുന്നുണ്ടെന്ന പരിഭവവും അദ്ദേഹത്തിനുണ്ടെന്ന് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
നേരത്തെ ഡിസിസി പുനഃസംഘടനയും മറ്റും നടന്നപ്പോള്‍ അദ്ദേഹം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, അതൊന്നും പരിഗണിക്കപ്പെടാതിരുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
എഐസിസി അംഗത്വം കൂടി രാജിവച്ചു പ്രതിഷേധം കടുപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വത്തെ വിഷയത്തിലേക്കു ഇടപെടുത്താനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നതെന്നാണ് സൂചന.
ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ വിഷയങ്ങളില്‍ വേണ്ടത്ര കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതിയാണ് അദ്ദേഹം സോണിയ ഗാന്ധിക്കുള്ള രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. കെപിസിസി പുനഃസംഘടന വരുന്ന സാഹചര്യത്തില്‍ തനിക്കു താത്പര്യമുള്ള ചിലര്‍ക്കു പാര്‍ട്ടി സ്ഥാനങ്ങളില്‍ ഇടം നേടിക്കൊടുക്കാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ഈ കടുത്ത നിലപാട് എന്നതാണ് സൂചന.
കൊല്ലം, ആലപ്പുഴ. തൃശൂര്‍ ജില്ലകളില്‍ സുധീരനോട് അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കളുണ്ട്. ഇവരെ പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹത്തിനുണ്ട്. അതുപോലെ എഐസിസിയില്‍ പദവി കൂടി നല്കിയാല് സുധീരന് അനുനയത്തിനു വഴങ്ങിയേക്കും.
സുധീരന് രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ചപ്പോള്‍ സംസ്ഥാന നേതൃത്വം അനുനയ നീക്കത്തിന്റെ ഭാഷയിലായിരുന്നു പ്രതികരിച്ചിരുന്നത്. പ്രത്യേകിച്ചു സുധീരനുമായി അടുപ്പം പുലര്‍ത്തുന്ന വി.ഡി.സതീശന് അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിച്ചിട്ടും ഒട്ടും മയപ്പെടുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍.
എന്നു മാത്രമല്ല അല്പം രൂക്ഷമായ രീതിയില്‍ സതീശനോടു പ്രതികരിച്ചു എന്നുമാണ് അറിയുന്നത്. അതേസമയം, അനാവശ്യമായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ട എന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ആവശ്യത്തിനു ചര്‍ച്ചകള്‍ എല്ലാവരോടും നടത്തിയിട്ടുണ്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നതും അതാണ്.

No comments