പഞ്ചാബ് കോണ്‍ഗ്രസിൽ സംഭവിക്കുന്നത് എന്ത്..?? സിദ്ദുവിന് പിന്നാലെ കൂട്ടരാജി, കൊഴിഞ്ഞു പോയത് മന്ത്രിമാരടക്കം..!! കെജ്‌രിവാൾ നാളെ..
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ രാജിവച്ചു.
പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് റസിയ സുല്‍ത്താന, പര്‍ഗത് സിംഗ് എന്നിവരാണ് രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും യോഗീന്ദര്‍ ദിന്‍ഗ്രയും രാജിവച്ചിട്ടുണ്ട്. നേരത്തെ പി.സി.സി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവച്ചിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് സിദ്ധു കസേരയില്‍ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറയുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നത് അയാള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങുമ്ബോഴാണെന്ന് രാജിക്കത്തില്‍ എടുത്തു പറഞ്ഞ സിദ്ദു താന്‍ കോണ്‍ഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും കുറിച്ചു.
സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കുറച്ചു നാളുകളായി നിലനിന്നിരുന്ന പടലപിണക്കങ്ങളുടെ അവസാനമാണ് സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന മന്ത്രിസഭയില്‍ റാണാ ഗുര്‍ജിത്ത് സിംഗിനെ ഉള്‍പ്പെടുത്തുന്നതില്‍ സിദ്ദുവിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പിനെ വകവയ്ക്കാതെ ഗുര്‍ജിത്ത് സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനു ശേഷം എ.പി.എസ്. ദിയോലിനെ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിക്കുന്നതിലും സിദ്ദു എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണയും അദ്ദേഹത്തിന്റെ എതിര്‍പ്പ് മന്ത്രിസഭ കാര്യമാക്കിയിരുന്നില്ല.
പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കുമ്ബോള്‍ പാര്‍ട്ടിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പരിഹസിച്ചു കൊണ്ട് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. സിദ്ദു നിലപാടുകളില്‍ ഉറപ്പില്ലാത്ത മനുഷ്യനാണെന്നും ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച ആളല്ലെന്നും മുമ്ബ് പറഞ്ഞതാണല്ലോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസിന് സിദ്ദുവിന്റെ അസ്ഥിര സ്വഭാവം ഭീഷണിയാണെന്ന നിലപാടാണ് അമരീന്ദര്‍ പണ്ടുമുതല്‍ക്കേ സ്വീകരിച്ചിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ സ്വയം മാറിയത് തന്നെ സിദ്ദുവിനെ പോലൊരു വ്യക്തി ആ പദവിയില്‍ എത്താതിരിക്കുന്നതിനു വേണ്ടിയാണെന്നു വരെ ഒരു സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

No comments