കര്‍ണ്ണാടകത്തിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി..
കര്‍ണ്ണാടകത്തിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചത് പെഗാസസ് ഉപയോഗിച്ചാണെന്നും ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സുപ്രീം കോടതി വിധി പെഗാസസില്‍ നിര്‍ണ്ണായ ചുവടുവെയ്പ്പാണെന്നും ഇനിയെങ്കിലും സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഒരുപാട് പേരുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടെങ്കിലും സത്യം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധി പ്രതിപക്ഷം പറഞ്ഞതിനെ അനുകൂലിക്കുന്നതാണ്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ പോലും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടു. ഇന്ത്യയെന്ന ആശയം തന്നെ പെഗാസസിലൂടെ ആക്രമിക്കപ്പെട്ടു -രാഹുല്‍ കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിയെന്നും ഇത് ഇന്ത്യയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. സുപ്രീം കോടതി സമീപിച്ചാല്‍ അന്വേഷണത്തില്‍ സഹകരിക്കുമെന്നും കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയില്ലെന്ന് ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടുള്ള കാര്യമാണെന്നും പാര്‍ലമെന്റില്‍ ഇനിയും വിഷയം ഇനിയും ഉന്നയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുന്ന വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു.
No comments