ബിഹാറില്‍ ലാലു 'മാജിക്' ഏറ്റില്ല; ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും ആര്‍.ജെ.ഡിക്ക് തോല്‍വി..
ജയില്‍ മോചിതനായി എത്തിയ ലാലു പ്രസാദ് യാദവ് നേരിട്ട് പടനയിച്ചിട്ടും ബിഹാറിലെ താരാപൂര്‍, കുശേശ്വര്‍ ആസ്താന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍.ജെ.ഡിക്ക് തോല്‍വി.
ആര്‍.ജെ.ഡി സ്ഥാനാര്‍ഥികളായ അരുണ്‍ കുമാര്‍ സാഹും (താരാപൂര്‍) ഗണേഷ് ഭാരതിയും (കുശേശ്വര്‍ ആസ്താന്‍ ) ഭരണകക്ഷിയായ ജെ.ഡി.യു സ്ഥാനാര്‍ഥികളോടാണ് തോറ്റത്. ഒക്ടോബര്‍ 30ന് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ചയായിരുന്നു.
കുശേശ്വര്‍ ആസ്താനില് വോട്ടെണ്ണലിന്റെ തുടക്കം തൊട്ട് തന്നെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി പിന്നിലായിരുന്നു. എന്നാല്‍ താരാപൂരില്‍ ലീഡ് നില മാറിമറിഞ്ഞതിനാല്‍ ആര്‍.ജെ.ഡി ജയം പ്രതീക്ഷിച്ചിരുന്നു. ഇവിടെ ആര്‍.ജെ.ഡിയുടെ സാഹ് 75,145 വോട്ടുകള്‍ നേടിയെങ്കിലും ജെ.ഡി.യുവിന്‍റെ രാജീവ് കുമാര്‍ സിങ് 78,966 വോട്ട് നേടി വിജയിച്ചു. കുശേശ്വര്‍ ആസ്താനില് ജെ.ഡിയുവിന്‍റെ അമാന്‍ ഭൂഷണ്‍ ഹസാരി 59,882വോട്ട് നേടിയപ്പോള്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് 47,184 വോട്ട് മാത്രമാണ് പെട്ടിയിലാക്കാനായത്.
ആര്‍.ജെ.ഡിയോട് പിണങ്ങി രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) ആണ് മൂന്നാമതെത്തിയത്. രണ്ടുപാര്‍ട്ടികളുടെയും സാന്നിധ്യം ആര്‍.ജെ.ഡിക്കാണ് വിനയായത്. സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എല്‍) പാര്‍ട്ടികള്‍ ആര്‍.ജെ.ഡിയെയാണ് പിന്തുണച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പ് വിജയം ജെ.ഡി.യുവിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും വലിയ ആശ്വാസമായി. ഇതോടെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ അവകാശവാദമുന്നയിക്കാനാണ് ജെ.ഡി.യു ലക്ഷ്യമിടുന്നത്. ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കാന്‍ യു.പിയില്‍ നിന്ന് ചുരുങ്ങിയത് 13 സീറ്റിലെങ്കിലും ജെ.ഡി.യു ജയിക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എത്ര സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
No comments