Breaking News

ബീഹാർ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഇല്ലാതെ ഒറ്റക്ക് മത്സരിച്ച ആര്‍.ജെ.ഡിക്ക്​ രണ്ടിടത്തും തോല്‍വി..!! തോൽക്കാൻ കാരണം കോൺഗ്രസ്..

 


ജയില്‍ മോചിതനായി എത്തിയ ലാലു പ്രസാദ്​ യാദവ്​ നേരിട്ട്​ പടനയിച്ചിട്ടും ബിഹാറിലെ താരാപൂര്‍, കുശേശ്വര്‍ ആസ്​താന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍.ജെ.ഡിക്ക്​ തോല്‍വി.

ആര്‍.ജെ.ഡി സ്​ഥാനാര്‍ഥികളായ അരുണ്‍ കുമാര്‍ സാഹും (താരാപൂര്‍) ഗണേഷ്​ ഭാരതിയും (കുശേശ്വര്‍ ആസ്​താന്‍ ) ഭരണകക്ഷിയായ ജെ.ഡി.യു സ്​ഥാനാര്‍ഥികളോടാണ്​ തോറ്റത്​. ഒക്​ടോബര്‍ 30ന്​ നടന്ന ​ഉപതെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണല്‍ ചൊവ്വാഴ്​ചയായിരുന്നു.

കുശേശ്വര്‍ ആസ്​താനില്‍ വോ​ട്ടെണ്ണലിന്‍റെ തുടക്കം തൊട്ട്​ തന്നെ ആര്‍.ജെ.ഡി സ്​ഥാനാര്‍ഥി പിന്നിലായിരുന്നു. എന്നാല്‍ താരാപൂരില്‍ ലീഡ്​ നില മാറിമറിഞ്ഞതിനാല്‍ ആര്‍.ജെ.ഡി ജയം പ്രതീക്ഷിച്ചിരുന്നു. ഇവിടെ ആര്‍.ജെ.ഡിയുടെ സാഹ്​ 75,145 വോട്ടുകള്‍ നേടിയെങ്കിലും ജെ.ഡി.യുവിന്‍റെ രാജീവ്​ കുമാര്‍ സിങ്​ 78,966 വോട്ട്​ നേടി വിജയിച്ചു. കുശേശ്വര്‍ ആസ്​താനില്‍ ജെ.ഡിയുവിന്‍റെ അമാന്‍ ഭൂഷണ്‍ ഹസാരി 59,882വോട്ട്​ നേടിയപ്പോള്‍ ആര്‍.ജെ.ഡി സ്​ഥാനാര്‍ഥിക്ക്​ 47,184 വോട്ട്​ മാത്രമാണ്​ പെട്ടിയിലാക്കാനായത്​.

ആര്‍.ജെ.ഡിയോട്​ പിണങ്ങി രണ്ടു മണ്ഡലങ്ങളിലും സ്​ഥാനാര്‍ഥിയെ നിര്‍ത്തിയ കോണ്‍ഗ്രസ്​ നാലാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ലോക്​ ജനശക്​തി പാര്‍ട്ടി (റാം വിലാസ്​) ആണ്​ മൂന്നാമതെത്തിയത്​. രണ്ടുപാര്‍ട്ടികളുടെയും സാന്നിധ്യം ആര്‍.ജെ.ഡിക്കാണ്​ വിനയായത്​. സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എല്‍) പാര്‍ട്ടികള്‍ ആര്‍.ജെ.ഡിയെയാണ്​ പിന്തുണച്ചിരുന്നത്​.

ഉപതെരഞ്ഞെടുപ്പ്​ വിജയം ജെ.ഡി.യുവിനും മുഖ്യമന്ത്രി നിതീഷ്​ കുമാറിനും വലിയ ആശ്വാസമായി. ഇതോടെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ അവകാശവാദമുന്നയിക്കാനാണ്​ ജെ.ഡി.യു ലക്ഷ്യമിടുന്നത്​. ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കാന്‍ യു.പിയില്‍ നിന്ന്​ ചുരുങ്ങിയത്​ 13 സീറ്റിലെങ്കിലും ജെ.ഡി.യു ജയിക്കേണ്ടതുണ്ട്​. എന്നാല്‍ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എത്ര സീറ്റ്​ നല്‍കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

No comments