പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കാന്‍ ഒരുമ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ സിദ്ദു..!! എന്തു ചെയ്യണമെന്നറിയാതെ നേതൃത്വം.. ക്യാപ്റ്റനെ പുറത്താക്കിയത്..
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വീണ്ടും പാര്‍ട്ടി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തി.
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ച സംഭവങ്ങള്‍ക്കുമേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ എത്രയുംപെട്ടെന്ന് പരസ്യമാക്കിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നാണ് സിദ്ദുവിന്റെ ഇപ്പോഴത്തെ ഭീഷണി. നേരത്തേ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സിദ്ദു ഇതേ ആവശ്യവുമുയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമായതോടെ അമരീന്ദര്‍ സിംഗ് രാജിവയ്ക്കുകയും പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുപോവുകയും ചെയ്തു.
മയക്കുമരുന്ന് നിര്‍മാര്‍ജനം വാഗ്‌ദാനം ചെയ്‌താണ് പാര്‍ട്ടി അധികാരത്തില്‍ എത്തിയതെന്നും അതിനാല്‍ അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് സിദ്ദുവിന്റെ വാദം. റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുന്നതില്‍ കോടതി എതിര്‍പ്പറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിദ്ദുവിന്റെ പുതിയ നീക്കം സംസ്ഥാനത്ത് പാര്‍ട്ടിക്ക് തുടര്‍ ഭരണം കിട്ടാനുള്ള സാദ്ധ്യത ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അമരീന്ദര്‍ രാജിവയ്ക്കുന്നതിന് മുമ്ബുനടത്തിയ ചില അഭിപ്രായ സര്‍വേകളിലും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തില്ലെന്ന് സൂചന ലഭിച്ചിരുന്നു. ആ ആദ്മി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നും സര്‍വേകള്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി കസേര ഉറപ്പിക്കുക എന്നതാണ് സിദ്ദുവിന്റെ തന്ത്രമെന്നാണ് വിലയിരുത്തുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തിനും വ്യക്തമായി അറിയാം. അമരീന്ദറിനെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്താം എന്നതായിരുന്നു ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍ ചനിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ അതുപാളി. സംസ്ഥാന പൊലീസ് മേധാവിയെയും അഡ്വക്കേറ്റ് ജനറലിനെയും നിയമിക്കുന്നതില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും അതും തള്ളി.ഇതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നായിരുന്നു ഭീഷണി. ഇതും നേതൃത്വം കാര്യമായി എടുത്തില്ല. അപ്പോഴാണ് പുതിയ നീക്കവുമായി എത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പാര്‍ട്ടിക്ക് സിദ്ദു കടുത്ത തലവേദനയാണ് ഉയര്‍ത്തിയിരിക്കുന്നത്.
No comments