Breaking News

സുധാകരിലൂടെ കോണ്‍ഗ്രസ് ഉണരുന്നു..

 


സംഘടനയ്‌ക്ക് പുത്തനുണര്‍വ് നല്‌കുക, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക.

കാലോചിതമായി നവീകരിക്കുക, കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന ശ്രമകരമായ ലക്ഷ്യം ഇവയായിരുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം പുതിയ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി. പുനഃസംഘടനയോടെ നവീകരണത്തിന് തുടക്കം കുറിച്ചു. ബൂത്തുകള്‍ക്കു താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബൃഹത്തായ പരിശീലന പദ്ധതിക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ തുടക്കമിട്ടു.


ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്മാരുടെ പുനഃസംഘടന പൂര്‍ത്തിയായി. കെ.പി.സി.സി.യുടെ ജംബോ കമ്മിറ്റികള്‍ മാറി. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലകള്‍ നിര്‍ണയിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ്, ഡി.സി.സി. പുനഃസംഘടന എന്നിവ നടക്കാനിരിക്കുന്നു. കെ.പി.സി.സിയുടെ പ്രവര്‍ത്തന പദ്ധതി സമയബന്ധിതമായി നടക്കുന്നു. സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കൊടുങ്കാറ്റും പൊട്ടിത്തെറിയും പ്രതീക്ഷിച്ച്‌ രക്തഹാരവുമായി കാത്തുനിന്നവര്‍ക്ക് നിരാശ മാത്രം മിച്ചം.


നിയമസഭ, ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാനും ഭരണകൂടത്തിന്റെ അഴിമതിയേയും കെടുകാര്യസ്ഥതയേയും തുറന്നു കാണിക്കാനുമുള്ള ജനാധിപത്യ സമരകേന്ദ്രമാണ്. നിയമസഭാ സാമാജികര്‍ക്കുള്ള നിയമപരമായ പരിരക്ഷക്കകത്തു നിന്ന് ജനങ്ങളുടെ നാവായി മാറുക. നിയമസഭയില്‍ പ്രതിപക്ഷം ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇടതുപക്ഷം ജനദ്രോഹത്തിന്റെ മുഖം പുറത്തെടുത്തപ്പോഴെല്ലാം പ്രതിപക്ഷം ജ്വലിച്ചുനിന്നിട്ടുണ്ട്.

ഇടതുപക്ഷം ജനപക്ഷമല്ലെന്നും ജനവിരുദ്ധതയാണ് അവരുടെ മുഖമുദ്രയെന്നും കേരളം ഇതിനകം തിരിച്ചറിഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ സമരം ജനം ഏറ്റെടുത്തു. ജനമുന്നേറ്റത്തില്‍, വിലക്കയറ്റത്തിനെതിരായ ജനകീയ കൂട്ടായ്മയില്‍ അമ്ബരന്ന മോദിയും കൂട്ടരും ഇന്ധനനികുതി കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായി. 24 സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിനത്തില്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍ പിണറായി വിജയന്റെ കേരളം മാത്രം അധികനികുതി വരുമാനത്തില്‍ ഒരു പൈസ പോലും കുറക്കാതെ കേരളത്തെ വെല്ലുവിളിച്ചു. എണ്ണവില കുതിക്കുമ്ബോള്‍ നികുതി വരുമാനത്തില്‍ ആഹ്ലാദം കൊള്ളുന്നവര്‍ മറുഭാഗത്ത് ആശ്രിത നിയമനം, ബന്ധുനിയമനം, തീവെട്ടിക്കൊള്ളകള്‍, സ്ത്രീപീഡനങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയിലാണ് ഊറ്റംകൊള്ളുന്നത്.

ചോരക്കൊതി മാറാത്തവര്‍ ഇന്നും കഠാര മുനകളുമായി ഇരുളില്‍ മറഞ്ഞിരിപ്പുണ്ട്. കേരളം ഒരിക്കലും കഠാര രാഷ്ട്രീയം ആഗ്രഹിക്കുന്നില്ല. ചോരപുരണ്ട രാഷ്ട്രീയത്തോട് 'കടക്കു പുറത്ത്' എന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന ജനതയാണ് മലയാളക്കരയുടെ കരുത്ത്.

ഭരണത്തുടര്‍ച്ചയ്ക്കായ് വോട്ടുചെയ്തവര്‍ നിരാശരാണ്. ജനദ്രോഹ ഭരണവുമായി യാതൊരു സന്ധിക്കും യു.ഡി.എഫ് ഇല്ല. മൊഫീനയുടെ ഘാതകരെ ജനം തെരുവിലിറങ്ങി വിചാരണ ചെയ്തപ്പോള്‍, ഇതൊരു പ്രത്യേക പാര്‍ട്ടിയാണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടന്നവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ആലസ്യം വിട്ടുണരുന്നു. സമരസജ്ജമാവുന്നു. നിങ്ങളിലൊളിഞ്ഞിരിക്കുന്ന കാപട്യം ഇനിയും ഒളിച്ചുവയ്‌ക്കാനാവില്ല.

എ.ഐ.സി.സി.യുടെ തീരുമാനപ്രകാരം രാജ്യത്തെമ്ബാടും നടന്നുവരുന്ന ജനജാഗരണ്‍ അഭിയാന്‍ പദയാത്രകള്‍ കോണ്‍ഗ്രസിന്റെ മാറുന്ന മുഖം കാട്ടിത്തരുന്നു. പദയാത്രകള്‍ പലയിടങ്ങളിലും ജനസാഗരമായി. പ്രവര്‍ത്തകരുടെ മനോഭാവം മാറി. ആത്മവിശ്വാസത്തിന്റെ നിറുകയിലാണവര്‍. കോണ്‍ഗ്രസ് എന്റെ അഭിമാനമാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നു.

സി.പി.എമ്മിന് സമ്മേളന കാലമാണിപ്പോള്‍. ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ. കേഡര്‍ പാര്‍ട്ടിയെന്ന് അഹങ്കാരം കൊണ്ടിരുന്ന സി.പി.എമ്മിനകത്ത് ആഭ്യന്തരപ്രശ്നങ്ങള്‍ ഗുരുതരമാണ്.

പല സമ്മേളനങ്ങളും പാതിവഴിയില്‍ നിറുത്തേണ്ടി വന്നു. ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് തലസ്ഥാനമെന്നു വിളിക്കുന്ന കണ്ണൂരില്‍ സിറ്റിയിലും തളിപ്പറമ്ബിലും സഖാക്കള്‍ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി. പലരും സി.പി.ഐ.യിലേക്ക് പാലായനം ചെയ്യുന്നു. കോണ്‍ഗ്രസ് പോരായ്മകളില്‍ നിന്നും നവീകരണത്തിലേക്ക് മുന്നേറുമ്ബോള്‍, സി.പി.എം. കേഡര്‍ സംവിധാനത്തില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നടക്കുകയാണ്.

No comments