Breaking News

മണിപൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി..!! സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധങ്ങളും രാജികളും..!! പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു.. ഓഫീസുകള്‍ അടിച്ചു തകര്‍ത്തു..

 


തെരഞ്ഞെടുപ്പിനുള്ള പാര്‍ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മണിപൂര്‍ ബിജെപിയില്‍ പ്രതിസന്ധി.

ബിജെപി അനുഭാവികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി എന്‍ഡിടിവി റിപോര്‍ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും പലയിടത്തും പ്ലകാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും ചെയ്തു. ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ടികെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും പാര്‍ടി നേതാക്കള്‍ രാജിവെച്ചതായി റിപോര്‍ടുകള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവരെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നപ്പോള്‍ പുറത്തായവരാണ് അസംതൃപ്തരായ നേതാക്കളില്‍ ഭൂരിഭാഗവും. ആകെയുള്ള 60 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഞായറാഴ്ച പുറത്തിറക്കി. ഇതില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ 10 പേരും ഉള്‍പെടുന്നു.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തന്റെ പരമ്ബരാഗത സീറ്റായ ഹീന്‍ഗാങ്ങില്‍ നിന്ന് മത്സരിക്കും. മറ്റൊരു പ്രധാന നേതാവ് ബിശ്വജിത് സിംഗ് തോങ്ജു സീറ്റിലും മുന്‍ ദേശീയ ഫുട്ബോള്‍ താരം സൊമതായ് സൈസ ഉഖ്രുളില്‍ നിന്നും ജനവിധി തേടും. 2017ലെ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബിജെപി ചെറുകക്ഷികളുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും സഹായത്തോടെയാണ് സര്‍കാര്‍ രൂപീകരിച്ചത്. ഇതില്‍ 19 എംഎല്‍എമാര്‍ക്ക് പാര്‍ടി ടികെറ്റ് നല്‍കുകയും മൂന്ന് പേരെ ഒഴിവാക്കുകയും ചെയ്തതായി ബിജെപി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വനിതകളെയും ഒരു മുസ്ലീം സ്ഥാനാര്‍ഥിയും മാത്രമാണ് ലിസ്റ്റിലുള്ളത്. ബിജെപിയില്‍ ചേര്‍ന്ന മുന്‍ മണിപൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജത്തിനും ടികെറ്റ് ലഭിച്ചിട്ടുണ്ട്. മണിപൂരില്‍ രണ്ട് ഘട്ടങ്ങളിലായി ഫെബ്രുവരി 27നും മാര്‍ച് മൂന്നിനും വോടെടുപ്പ് നടക്കും. മാര്‍ച് 10ന് ആണ് വോടെണ്ണല്‍.

No comments