Breaking News

നടൻ സോനു സൂദിന്‍റെ സഹോദരി പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും..!! പാർട്ടി പിന്തുണ..

 


ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചണ്ഡീഗഢില്‍നിന്ന്​ 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍നിന്നാണ് മാളവിക​ ജനവിധി തേടുകയെന്നാണ് വിവരം.

സോനു സൂദ് തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഈയടുത്താണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയത്. വാക്​സിനേഷന്‍ അംബാസിഡറായി പ്രഖ്യാപിക്കാന്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും സോനുവിനെ ചണ്ഡീഗഢിലേക്ക്​ വിളിപ്പിച്ചിരുന്നു. ഈ സമയത്ത്​ സഹോദരി മാളവികയെ അമരീന്ദറിന്​ പരിചയപ്പെടുത്തി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാളവിക രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളും പരന്നത്​.

നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളുമായും സോനു സൂദ്​ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്​കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ ബ്രാന്‍ഡ്​ അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തതിന്‍റെ ഭാഗമായായിരുന്നു ഇത്. ഇതിനു ശേഷം സോനു എ.എ.പിയില്‍ ചേരുമെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്​ട്രീയ ചര്‍ച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട്​ പ്രതികരിച്ചത്.

No comments