മോദിയുടെ മനോനില തെറ്റിയെന്ന് അമിത്ഷാ പറഞ്ഞതായി മേഘാലയ ഗവര്‍ണർ..?? വിവാദമായപ്പോള്‍ തിരുത്തി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനോനില തെറ്റിയെന്നും ഇനി താനുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്.
സത്യപാല്‍ സംസാരിക്കുന്ന വിഡിയോ വൈറലാവുകയും വിവാദം ഉയരുകയും ചെയ്തതോടെ പിന്നീട് തിരുത്തി. അമിത് ഷാ മോദിയെ ഏറെ ബഹുമാനിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പിന്നീട് വിശദീകരിച്ചത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മോദിയുമായി നടത്തിയ ചര്‍ച്ചയും തുടര്‍സംഭവങ്ങളും വിശദീകരിക്കുകയായിരുന്നു സത്യപാല്‍.
ജാട്ട് കര്‍ഷകര്‍ തിങ്ങിത്താമസിക്കുന്ന ഹരിയാനയിലെ പരിപാടിയിലാണ് സത്യപാല്‍ മല്ലിക് മോദിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം നടത്തിയത്. 'കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹവുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മോദി വലിയ അഹങ്കാരത്തിലായിരുന്നു. നമ്മുടെ 500 കര്‍ഷകര്‍ മരിച്ചിട്ടും താങ്കള്‍ കത്തയച്ചുകൊണ്ടിരിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ മരിച്ചത് തനിക്കുവേണ്ടിയാണോ എന്നായിരുന്നു മോദിയുടെ മറുചോദ്യം. അതെ, താങ്കള്‍ രാജാവായതിനാല്‍ താങ്കള്‍ക്കുവേണ്ടി തന്നെയെന്ന് ഞാന്‍ തിരിച്ചടിച്ചതോടെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നമായി. മോദിയുമായുള്ള തര്ക്കത്തിലാണത് കലാശിച്ചത്. ഒടുവില്‍ പോയി അമിത് ഷായെ കാണാന്‍ പറഞ്ഞു. ഞാനത് ചെയ്തു. അദ്ദേഹത്തിന്റെ(മോദിയുടെ) മനോനില തെറ്റിയെന്നും താങ്കള്‍ കര്‍ഷകരുമായി ബന്ധപ്പെട്ടോളൂ എന്നും എന്നെ കണ്ടാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞു''- സത്യപാല്‍ പറയുന്നു.
വിമര്‍ശനം ഏറ്റുപിടിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മേഘാലയ ഗവര്‍ണറുടെ പ്രസ്താവന ശരിയാണോ എന്ന് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ ചോദിച്ചു. വിഡിയോ വന്‍ വൈറലാകുകയും ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ വൈകീട്ട് സത്യപാല്‍ മല്ലിക് അമിത് ഷാക്ക് മോദിയോട് ബഹുമാനമാണെന്ന വിശദീകരണവുമായി രംഗത്തുവന്നു. മോദി കേള്‍ക്കാന്‍ തയാറല്ലായിരുന്നുവെന്നും എന്റെ ആശങ്കകളെ തള്ളാനാണ് നോക്കിയതെന്നും മല്ലിക് വിശദീകരിച്ചു. അമിത് ഷാ മോദിയെ ഏറെ ബഹുമാനിക്കുന്നുണ്ട്. ആളുകള്‍ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒരു ദിവസം കര്‍ഷക നിയമങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നും മല്ലിക് തിരുത്തി. മോശമായ ഉദ്ദേശ്യത്തോടെ അമിത് ഷാ മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്റെ ആശങ്കകള്‍ മനസ്സിലാകുന്നുണ്ടെന്നാണ് ഷാ പറഞ്ഞതെന്നും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു.
No comments