'ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് അപമാനിക്കുന്നു'..; മരുമകന്‍ മുബഷീര്‍ ആസാദ് ബിജെപിയിൽ..
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷിര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു.
ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുബാഷിര്‍ അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴെതട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്നും അങ്ങനെയാണ് ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും മുബാഷിര്‍ ആസാദ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എംഎല്‍എയും ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് ഹാരുണ്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് മുബാഷിറിനെ അംഗത്വം നല്‍കി സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങള്‍ കാരണം ബിജെപിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുബാഷിര്‍ പറഞ്ഞു. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളിമ ആഘോഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുബാഷിര്‍ പറഞ്ഞു.
ഗുലാം നബി ആസാദിന്റെ ഇളയ സഹോദരന്‍ ലിയാഖത്ത് അലിയുടെ മകനാണ് മുബാഷിര്‍ ആസാദ്. തന്റെ അമ്മാവനോട് കോണ്‍ഗ്രസ് നേതൃത്വം അനാദരവ് കാണിക്കുകയാണെന്നും മുബാഷിര്‍ ആരോപിച്ചു. ബിജെപിയില്‍ ചേരാനുള്ള പദ്ധതിയെ കുറിച്ച് അമ്മാവനുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 ഏപ്രിലില്‍ ഗുലാം നബി ആസാദിന്റെ സഹോദരന്‍ ഗുലാം അലിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
No comments