Breaking News

രാഹുല്‍ ഗാന്ധി എന്നെ തീവ്രവാദി എന്ന്​ വിളിച്ചു - അരവിന്ദ്​ കെജ്​രിവാൾ

 


കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി തന്നെ തീവ്രവാദി എന്ന്​ വിളിച്ചതായി ആപ്​ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാള്‍ ആരോപിച്ചു.

'രാഹുല്‍ ഗാന്ധി എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നു. ഫെബ്രുവരി 20ന് അദ്ദേഹം ശരിക്കും അറിയും' -കെജ്​രിവാള്‍ പറഞ്ഞു. ആപ്​ നേതാവിനെ നിങ്ങള്‍ക്ക്​ തീവ്രവാദിയുടെ വീട്ടിലും കാണാന്‍ കഴിയുമെന്ന്​ രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു. അതിന്​ മറുപടിയുമായാണ്​ കെജ്​രിവാള്‍ രംഗത്തുവന്നിരിക്കുന്നത്​. സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കും. ഭരണകക്ഷിയായ കോണ്‍ഗ്രസ് വ്യവസായികളെയും സാധാരണക്കാരെയും പോലും ഭയപ്പെടുത്തുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ അവരോട് ചോദിച്ചാല്‍, സത്യം പറയാന്‍ പോലും അവര്‍ക്ക് ഭയമാണ് -കെജ്​രിവാള്‍ പറഞ്ഞു.

പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ മൂര്‍ധന്യത്തില്‍ നില്‍ക്കേയാണ്​ വാക്​പോരുമായി കോണ്‍ഗ്രസ്​-ആപ്​ നേതാക്കള്‍ കളംനിറയുന്നത്​. ആപ്​ നേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. 'എന്ത് സംഭവിച്ചാലും ഒരു കോണ്‍ഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ ഒരിക്കലും കാണാനാകില്ല. എന്നാല്‍, ചൂലിന്‍റെ (എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ കണ്ടെത്താം.

അതാണ് സത്യം' -രാഹുല്‍ ഗാന്ധി പറഞ്ഞു. ബര്‍ണാലയിലെ റാലിയില്‍ സംസാരിക്കവെയാണ്​ രാഹുലിന്‍റെ പരാമര്‍ശം. 2017ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബ്​ മോഗയിലെ ഒരു മുന്‍ ഖാലിസ്ഥാന്‍ വാദിയുടെ വസതിയില്‍ രാത്രി തങ്ങിയ കെജ്‌രിവാളിന് നേരെയുള്ള ആക്രമണമാണ്​ രാഹുല്‍ നടത്തിയത്​. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു അവസരം തേടുന്നവര്‍ പഞ്ചാബിനെ നശിപ്പിക്കുമെന്നും സംസ്ഥാനം കത്തിക്കുമെന്നും കെജ്‌രിവാളിനെ സൂചിപ്പിച്ച്‌ രാഹുല്‍ പറഞ്ഞു. "പഞ്ചാബ് ഒരു അതിര്‍ത്തിയും സെന്‍സിറ്റീവും ആയ സംസ്ഥാനമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ പഞ്ചാബിനെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കഴിയൂ, സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ കഴിയൂ. സമാധാനം ഇല്ലാതായാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയാം," അദ്ദേഹം പറഞ്ഞു.

No comments