രാഹുൽ ഗാന്ധിയും പിണറായി വിജയനും ചെന്നൈയില്‍ ഒരേ വേദിയിൽ..!! പ്രതിപക്ഷ നിര..
ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് തിങ്കളാഴ്ച ചെന്നൈ വേദിയാകും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ 'ഉങ്കളില്‍ ഒരുവന്'(നിങ്ങളില്‍ ഒരുവന്) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ദേശീയ നേതാക്കള്‍ അണിനിരക്കുമെന്ന് കരുതുന്നത്.
തിങ്കളാഴ്ച വൈകീട്ട് 3.30ന് ചെന്നൈ നന്ദമ്ബാക്കം ബിസിനസ് സെന്ററില്‍ രാഹുല്‍ഗാന്ധി എം.പിയാണ് പ്രകാശനം നിര്‍വഹിക്കുക. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, എന്‍.സി.പി നേതാവ് ശരദ്പവാര്‍ തുടങ്ങിയവര്‍ക്ക് സ്റ്റാലിന് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്, ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുക്കും. ഈയിടെ മമത ബാനര്‍ജി സ്റ്റാലിനും ചന്ദ്രശേഖര്‍ റാവുവുമായും ബദല്‍ മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പി - കോണ്‍ഗ്രസ് ഇതര കക്ഷികളുടെ പ്രതിപക്ഷ വേദിക്ക് രൂപം നല്‍കണമെന്നാണ് മമതയുടെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്ക് ബദല്‍ രൂപവത്കരിക്കാനാവില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. 2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ആദ്യമായാണ് വേദി പങ്കിടുന്നത്. പൂംപുഹാര്‍ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ സ്റ്റാലിന്റെ 23 വയസ്സ് വരെയുള്ള ജീവിതചരിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചതും സ്റ്റാലിനായിരുന്നു. തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് ഒരിക്കലും അധികാരത്തില്‍ വരാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഈയിടെ നടത്തിയ പ്രസംഗത്തിന് മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പ്രകാശിപ്പിച്ച് കത്തെഴുതിയിരുന്നു.
No comments