പിസി ജോര്‍ജിന് ചീമുട്ടയെറിഞ്ഞ കേസിൽ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവും പിഴയും..
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ ചീമുട്ട എറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആറുമാസം തടവും 48,000 രൂപ പിഴയും.
യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി ടി.എല്‍. അക്ബര്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മാത്യു കെ. ജോണ്‍ എന്നിവരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 15 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. രണ്ടുപേര്‍ മുമ്ബ് മരണപ്പെട്ടു. മറ്റുള്ളവരെ വെറുതെ വിട്ടു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികതടവും പൊതുമുതല്‍ നശിപ്പിച്ചതിന് ആറുമാസം തടവും 47,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവും ആണ് ശിക്ഷ. തടവ് ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.
2015ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചീഫ് വിപ്പായിരിക്കെ പി.സി. ജോര്‍ജിനെ തൊടുപുഴയില്‍ വെച്ച് ചീമുട്ട എറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് ഉള്‍പ്പെടെ തകര്‍ത്തു എന്നാണ് കേസ്.
No comments