ആര്‍.എസ്.എസിനെതിരെ പോരാടുന്നതിനാലാണ് ലാലു പ്രസാദിന് ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്നത്.. ബിജെപിയിൽ ചേർന്നാൽ..
ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് തന്‍റെ പിതാവിനെ കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് പറഞ്ഞു.
അവസാനമായുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ചുമത്തിയതിന് പിന്നാലെയാണ് മകന്‍റെ പ്രതികരണം.
ലാലു പ്രസാദ് ആര്‍.എസ്.എസ്- ബി.ജെ.പിക്ക് എതിരെയാണ് പോരാടുന്നതെന്നും ആ കാരണത്താലാണ് അദ്ദേഹം ജയില്‍വാസം അനുഭവിക്കേണ്ടി വരുന്നതെന്നും ഇത് കണ്ട് ഞങ്ങളാരും ഭയപ്പെടില്ലെന്നും തേജസ്വി പറഞ്ഞു. താനൊരിക്കലും ബി.ജെ.പിക്ക് മുമ്ബില്‍ തലകുനിക്കില്ലെന്ന് ലാലുജി മുമ്ബ് പറഞ്ഞതായി തേജസ്വി കൂട്ടിച്ചേര്‍ത്തു.
ലാലു പ്രസാദ് യാദവിന്റെ കേസിന് പിന്നാലെ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെ സി.ബി.ഐ മറന്നതായി വിധിയെ കുറ്റപ്പെടുത്തി തേജസ്വി യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണം ഒഴികെ രാജ്യത്ത് മറ്റൊരു അഴിമതിയും നടന്നിട്ടില്ലെന്നാണ് തോന്നുന്നതെന്നും, ബിഹാറില്‍ ഏകദേശം 80ലധികം അഴിമതികള്‍ നടന്നെങ്കിലും സി.ബി.ഐ, ഇ.ഡി, എന്‍.ഐ.എ എന്നിവരെല്ലാം എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സി.ബി.ഐ കോടതിയുടെ വിധിക്ക് പിന്നാലെ ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞ തേജസ്വി യാദവ്, ഹൈകോടതിയും സുപ്രീം കോടതിയും ഇപ്പോഴുമുണ്ടെന്നും മേല്‍ക്കോടതികളിലെ വിധി അദ്ദേഹത്തിന് അനുകൂലമാകുമെന്ന് വിശ്വസിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ജനങ്ങള്‍ ലാലുവിനോട് ബി.ജെ.പി പെരുമാറുന്ന രീതി നിരീക്ഷിക്കുന്നുണ്ട്. ഇതിന് യു.പിയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉത്തരം നല്‍കുമെന്നും തേജ്വസി പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് ലാലുവിനെതിരെ ഉണ്ടായിരുന്നത്. ഇതിലെ അവസാന കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.
നേരത്തെ നാലു കേസുകളില്‍ ലാലുവിനെതിരെ ശിക്ഷ വിധിച്ചിരുന്നു. മൂന്നുവര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച ലാലു ഇപ്പോള്‍ ജാമ്യത്തിലാണ്. മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാണിച്ച് 950 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
No comments