Breaking News

മല്യയുടെ ഹോലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു

ബംഗളൂരു: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്കു കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു. ബംഗളൂരുവിലെ ട്രിബ്യൂണല്‍ മേല്‍നോട്ടത്തിലായിരുന്നു ലേലം. ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്ബനിയാണ് മല്യയുടെ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കിയത്. 8.75 കോടി രൂപക്ക് മല്യയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങിയ വിവരം കമ്ബനി സ്ഥിരീകരിച്ചു.

ലോണുകളില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചത്.

ഒരു ഹെലികോപ്റ്ററിനു് 4.37 കോടി രൂപ വിലയിലായിരുന്നു ലേലം ഉറപ്പിച്ചത്. മല്യയുടെ രണ്ട് ഹെലികോപ്റ്റര്‍ തങ്ങള്‍ ലേലത്തില്‍ പിടിച്ചതായി ചൗധരി ഏവിയേഷന്‍ ഡയറക്ടര്‍ സത്യേന്ദ്ര സെഹ്രാവത് വ്യക്തമാക്കി.

പത്തു വര്‍ഷം പഴക്കമുള്ള 5 സീറ്റുകളുള്ള യൂറോകോപ്റ്റര്‍ ബി155 ഹെലികോപ്റ്ററുകളാണ് ലേലത്തില്‍ വച്ചിരുന്നത്. പഴയതാണെങ്കിലും ഇവ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 2013ല്‍ അവസാന സര്‍വീസ് നടത്തിയ ഹെലികോപ്റ്ററുകള്‍മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലാണ് ഇപ്പോള്‍ ഉള്ളത്.

മൂന്നു കമ്ബനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഒരു ഹെലികോപ്റ്ററിന് 1.75 കോടിയാണ് കുറഞ്ഞ വിലയായി നിശ്ചയിച്ചിരുന്നത്. ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയെന്ന് ചൗധരി ഏവിയേഷന്‍സ് വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ പ്രമുഖ എയര്‍ആമ്ബുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന്‍ കമ്ബനിയാണ് ചൗധരി ഏവിയേഷന്‍സ്.

No comments