റാലിക്കെത്തിയ അമിത് ഷായ്ക്ക് ഭക്ഷണമൊരുക്കിയ കര്‍ഷകന്‍ ബിജെപി വിട്ടു..
ഭുവനേശ്വർ: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് തന്റെ വീട്ടിൽ ഭക്ഷണമൊരുക്കി വാർത്തകളിൽ ഇടം നേടിയ ഒഡീഷയിലെ കർഷകൻ ബി.ജെ.പി വിട്ട് ബി.ജെ.ഡിയിൽ ചേർന്നു. കഴിഞ്ഞ വർഷം അമിത് ഷാ തന്റെ മിഷൻ 120 പരിപാടി ആരംഭിച്ചത് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഈ ദരിദ്ര കർഷകന്റെ വീട്ടിൽ നിന്നായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്ന വാഗ്ദാനമാണ് നബിൻ സ്വൈൻഎന്ന ഈ നാൽപ്പത്തഞ്ചുകാരനെ ബി.ജെ.ഡിയിലെത്തിച്ചത്. ഹുഗുളപട്ട എന്ന ഗ്രാമത്തിലാണ് നബിൻ സ്വൈൻ ജീവിക്കുന്നത്. തന്റെ പരിപാടിയുടെ ഭാഗമമായി അമിത് ഷാ ഈ ഗ്രാമം സന്ദർശിച്ചപ്പോഴാണ് നബിൻ അമിത് ഷായ്ക്ക് ഉച്ചഭക്ഷണം നൽകിയത്. അമിത് ഷാ വന്നു പോയതിന് ശേഷവും എന്റെ ദരിദ്ര ജീവിതത്തിന് ഒരു മാറ്റവും ഉണ്ടായില്ല. എനിക്കവർ ഒരു വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ അവർ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വികസന പ്രവർത്തനത്തിൽ ഞാൻ വളരെ ആകൃഷ്ടനാണ്. അതിനാൽ ബി.ജെ.ഡിയിൽ ചേരാൻ ഞാൻ തീരുമാനമെടുത്തിരിക്കയാണ് - നബിൻ സ്വൈൻ വ്യക്തമാക്കി. സംസ്ഥാനത്തെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തനിക്ക് ഒരു വീട് നൽകാമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് നബിൻ കൂട്ടിച്ചേർത്തു. നേരത്തെ ബംഗാളിലെ നക്സൽബാരിയിൽ അമിത് ഷായ്ക്ക് ഭക്ഷണം നൽകിയ മറ്റൊരു കർഷക കുടുംബവും പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. സ്വന്തമായി വീടുപോലും ഇല്ലാത്തവരാണ് ഹുഗുളപട്ട ഗ്രാമത്തിലെ കർഷകരിൽ മിക്കവരും. നബിന്റെവീട്ടിൽ വൈദ്യുതി പോലും ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് ഇദ്ദേഹത്തിന്റെ മൂന്ന് മക്കൾ പഠിക്കുന്നത്. മുൻ വാർഡ് മെംബർ കൂടിയായ ഭാര്യ സുധേഷ്ണ മറ്റൊരാളുടെ വയലിൽ കർഷകതൊഴിലാളിയാണ്. 79 വയസ്സുള്ള പിതാവ് ഗ്രാമത്തിൽ രാത്രി വാച്ച്മാനായിജോലിനോക്കുകയാണ്. 500 രൂപയാണ് ഇദ്ദേഹത്തിന്റെ മാസ വരുമാനം. ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങളിൽ മനം മടുത്ത് കൂടുതൽ ജനങ്ങൾ ബി.ജെ.ഡിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.ഡി നേതാവ് സസ്മിത് പാത്ര പ്രതികരിച്ചു.

No comments