മകരവിളക്കിന് മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ നടന്നു
എരുമേലി: മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു. അമ്ബലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. മഹിഷി നിഗ്രഹത്തിന്റെ ഐതിഹ്യമാണ് പേട്ടതുള്ളല്‍. ഇത്തവണ ആയിരങ്ങളാണ് പേട്ടതുള്ളലിനായെത്തിയത്. ഉച്ചയ്ക്ക് 12 ന് എരുമേലി ചെറിയമ്ബലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്ബലപ്പുഴ സംഘം പേട്ടതുള്ളല്‍ നടത്തിയത്. എരുമേലി വാവരുപള്ളിയിലെത്തിയ സംഘത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പേട്ടതുള്ളി വാവരുടെ പ്രതിനിധിയേയും കൂട്ടി സംഘം വലിയമ്ബലത്തിലേക്ക് മടങ്ങി.
ഉച്ചയ്ക്ക് ശേഷമായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍.
അമ്ബലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി യാത്രതിരിച്ചു എന്ന വിശ്വാസത്തില്‍ മസ്ജിദില്‍ കയറാതെ ആലങ്ങാട് പേട്ടതുള്ളല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങി.
ഗജവീരന്മാരുടെ അകമ്ബടിയോടെയായിരുന്നു ഇരുസംഘത്തിന്റെയും പേട്ടതുള്ളല്‍ നടന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ജനപ്രതിനിധികളുമടക്കം ചടങ്ങില്‍ പങ്കെടുത്തു. അയ്യപ്പചരിത്രവുമായി ബന്ധപ്പെട്ട എരുമേലി പുത്തന്‍വീട്ടിലും പേട്ടതുള്ളലിന് സ്വീകരണമൊരുക്കി.

No comments