Breaking News

പ്രളയത്തില്‍ കൈപിടിച്ചുയര്‍ത്തിയവരുടെ ആലപ്പാട്‌ കടലെടുക്കുമ്പോള്‍ നോക്കി നില്‍ക്കുകയാണോ നമ്മള്‍??


പ്രളയത്തിൽപ്പെട്ട് കേരളം കൈകാലിട്ടടിച്ചപ്പോൾപ്രതിഫലംകാംക്ഷിക്കാതെ തൊഴിലും വരുമാനവും മറന്ന് കേരളത്തിന്റെ സ്വന്തം പട്ടാളമായി തീർന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. കേരളത്തിനാപത്തു വന്നപ്പോൾ കൈപിടിച്ചുയർത്തിയവർ ഇന്ന് വലിയൊരാപത്തിലാണ്. കടലിന്റെയും കായലിന്റെയും നടുവിലുള്ള ചെറിയ പ്രദേശമാണ് ആലപ്പാട്.കരിമണൽ ഖനനം നടത്തുന്നതിനാൽ കടൽ കയറി വരുകയും ആലപ്പാട് എന്ന പ്രദേശം ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പ്രളയകാലത്ത് കൈമെയ് മറന്ന് നടത്തിയ സേവനം നമ്മളെങ്ങനെ മറക്കാൻ...! എന്താണ് യഥാർഥപ്രശ്നം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരപ്രദേശമാണ് ആലപ്പാട്. കടലിന്റെയും കായലിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ വിസ്താരം ഇന്ന് 7.6 ചതുരശ്ര കിലോ മീറ്റർ മാത്രമാണ്. 1955-ലെ കേരള സർക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റർ ഉണ്ടായിരുന്ന പ്രദേശമാണ് വെറും 7.6 ചതുരശ്ര കിലോ മീറ്റർ ആയി ചുരുങ്ങിയിരിക്കുന്നത്. വെള്ളനാതുരുത്തിൽവർഷങ്ങളായി നടക്കുന്ന കരിമണൽ ഖനനമാണ് ഇതിനുള്ള കാരണം. കായലിനും കടലിനുമിടയിലുള്ള ഭൂമിയുടെ ദൂരം വെറും 22 മീറ്റർ മാത്രമാണിവിടെ.കെആർഇഎംഎൽ, ഐആർഇ എന്നിവ സംയുക്തമായി ചേർന്നാണ് ഇവിടെ കരിമണൽ ഖനനം നടത്തുന്നത്. ഇത് കടലെടുക്കുന്ന അവസ്ഥയ്ക്ക് കാരണമാവുകയാണ്. 20000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ട്.ഖനനം ഈ നിലയ്ക്ക് തുടർന്നാൽ തങ്ങളെന്ത് ചെയ്യും എന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ. എന്നാൽ ആശങ്കയിൽ ഒതുങ്ങാതെ സമരവുമായി മുന്നോട്ടു പോവുകയാണ് അവർ.ഐആർഇയുടെ കരിമണൽ ഖനനത്തിനെതിരേ ആലപ്പാട്ടുകാർ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. 50 വർഷത്തിലധികമായി തുടരുന്ന ഖനനം ഇനിയും മുന്നോട്ടു പോയാൽ സ്വന്തം വീടും മണ്ണും കടൽ കൊണ്ട് പോകുന്നത് നോക്കി നിൽക്കേണ്ടി വരും എന്ന ഘട്ടമെത്തിയപ്പോഴാണ് അവർ സമരരംഗത്തേക്കിറങ്ങിയത്.

70 ദിവസമായി തുടരുന്ന സമരം സാമൂഹിക മാധ്യമങ്ങളിൽ മാത്രമേ ചർച്ചയായിട്ടുള്ളൂ. ജനപ്രതിനിധികളുടെയും ശ്രദ്ധയും സർക്കാർ ഇടപെടലും കൂടി എത്തേണ്ടതുണ്ട്. ഈ നാട് കടലെടുത്താൽ നാട്ടുകാർക്ക് മാത്രമല്ല നഷ്ടം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെയും ബാധിക്കും. ഉപ്പുവെള്ളം കയറുന്നത് ഇവിടുത്തെ കൃഷിയെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു തരുന്നു. #save Alappad# StopMining എന്നീ ഹാഷ്ടാഗുകൾ തരംഗമായതോടെ സിനിമാ താരങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സണ്ണി വെയ്ൻഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, നടിമാരായ അനു സിത്താര, രഷീഷ വിജയൻ, പ്രിയവാര്യർ എന്നിങ്ങനെ പോകുന്നു പിന്തുണയർപ്പിച്ചവരുടെ നീണ്ട നിര.

No comments