Breaking News

മുഖ്യമന്ത്രിക്കും കോടിയേരിക്കും ഉത്തരവാദിത്വം; സി.ബി.ഐ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി


കാസര്‍കോട്: പെരിയ കല്യോട്ട് നിരപരാധികളായ രണ്ടു യുവത്വത്തെ ഇല്ലാതാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതകത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ച സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ വിശ്വസനീയമല്ലാതായി. പ്രാദേശികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടുപേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

വളരെയധികം പരിചയസമ്ബന്നരായ പ്രൊഫഷണല്‍ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തില്‍ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി .ഐയെ പോലുള്ള ഒരു ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കണം.

സി.പി.എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും യു.ഡി.എഫ് ഒരുക്കമല്ല. കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നതുവരെ കോണ്‍ഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

No comments