Breaking News

'താങ്കളുടെ കാര്യം ഞാനേറ്റു' - പറയാതെ പറഞ്ഞ് സിദ്ദിഖിന്റെ കരം കവര്‍ന്ന് രാഹുല്‍ ഗാന്ധി ! സ്ഥാനമാനങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെടുന്ന ചരിത്രം ഇനി ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയോടെ സിദ്ദിഖും

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ബലാബലത്തിന്റെ പേരില്‍ എല്ലാക്കാലത്തും കയ്യില്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെട്ട നേതാവാണ്‌ ടി സിദ്ദിഖ്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ സംസ്ഥാന നേതൃത്വമോ പി സി സിയോ പോലും അറിയാതെയാണ് സിദ്ദിഖിനെ മാറ്റി എം ലിജുവിനെ പ്രസിഡന്റാക്കിയത്.
പിന്നീട് ഉമ്മന്‍ചാണ്ടിയുടെ ബലംപിടുത്തത്തില്‍ ലിജുവിനെ പിന്‍വലിച്ച്‌ സിദ്ദിഖിനെ തലസ്ഥാനത്ത് പുനസ്ഥാപിച്ചതും വീണ്ടും മാറ്റിയതുമൊക്കെ ചരിത്രമാണ്.

വയനാട് മണ്ഡലം രൂപീകൃതമായപ്പോള്‍ സിദ്ദിഖിനെ വയനാട്ടിലേക്ക് 'എ' ഗ്രൂപ്പ് പരിഗണിച്ചതാണ്. പക്ഷേ കിട്ടിയില്ല. രണ്ടാം അവസരം വന്നപ്പോള്‍ വീണ്ടും ശ്രമിച്ചെങ്കിലും സിദ്ദിഖ് തെറിച്ചു വീണത് കാസര്‍കോഡ്.

ഇത്തവണ ഹാട്രിക് ശ്രമത്തിലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തില്‍ സിദ്ദിഖ് രക്ഷപെട്ടെന്നു വിചാരിച്ചതാണ്.

പക്ഷേ, ഒരാഴ്ച പ്രചരണം നടത്തിയ പണച്ചിലവും അധ്വാനവും വെറുതെയായി. സിദ്ദിഖിനെ ചുരത്തിനു മുകളില്‍ നിന്നും എടുത്ത് താഴേയ്ക്കിട്ട് അവിടെ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ഥിയായി.

എന്നാല്‍ ഇത്തവണ സിദ്ദിഖിന്റെ രക്ഷ രാഹുലിന്‍റെ കരങ്ങളിലാണെന്നതാണ് പ്രത്യേകത. സിദ്ദിഖില്‍ നിന്നും ഏറ്റെടുത്ത വയനാടിനു പകരം സിദ്ദിഖിനെ സംരക്ഷിക്കേണ്ടത് രാഹുലിന്‍റെ ഉത്തരവാദിത്വമായി മാറി.
ആ സ്നേഹം കാത്ത് സൂക്ഷിച്ചുതന്നെയാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ രണ്ടു കേരള സന്ദര്‍ശനങ്ങളിലും സിദ്ദിഖിനോട് പെരുമാറിയതെന്നതാണ് ശ്രദ്ധേയം.

മറ്റുള്ളവരുടെ കരം ഗ്രഹിക്കുമ്ബോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലായൊരു അടുപ്പത്തോടെയാണ് രാഹുല്‍ ഈ സന്ദര്‍ശനങ്ങളില്‍ സിദ്ദിഖിന്റെ കരം കവര്‍ന്നത്. 'താങ്കളുടെ കാര്യം ഞാനേറ്റു' എന്ന് പറയാതെ പറയുംപോലെ. എന്തായാലും സിദ്ദിഖിന്റെ ശനിദോഷം മാറിയെന്നു വിശ്വസിക്കാം.

No comments