വയനാട് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് രാഹുല്‍ കൈപ്പറ്റി
വയനാട് ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിയായ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യവും ഷാനാര്ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് പി വി ബാലചന്ദ്രനും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. എഐസിസി ആസ്ഥാനത്ത് എത്തിയായിരുന്നു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളെ കുറിച്ചും വയനാട്ടിലെ നേതാക്കള്‍ അദ്ദേഹവുമായി സംസാരിച്ചു.
വയനാട്ടിലേക്ക് എത്തേണ്ട തിയ്യതി തീരുമാനിക്കാന്‍ കെപിസിസിയോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി വരാതിരുന്ന സാഹചര്യത്തില്‍ വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതലക്കാരനുമായ എന്‍ സുബ്രഹ്മണ്യനാണ് വയനാട് ജില്ലാ കളക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു പിന്നാലെ വോട്ടര്‍മാരെ കാണാന്‍ ഉടന്‍ മണ്ഡലത്തിലെത്തുമെന്നു രാഹുല്‍ പറഞ്ഞു.
നാളെ നടക്കുന്ന യോഗം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അന്തിമ രൂപം നല്‍കും. നേരത്തെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുല്‍ പകരം ആളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments