Breaking News

നരേന്ദ്രമോദിക്കെതിരെയുള്ള ലേഖനം എഴുതിയത് 'ഒരു പാക്കിസ്ഥാനി'; ടൈം മാഗസിനെതിരെ ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്‌ ടൈം മാഗസിനില്‍ വന്ന ലേഖനത്തിനെതിരെ ബി.ജെ.പി. ലേഖനമെഴുതിയത് 'പാക്കിസ്ഥാനി' ആണെന്നും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കിനാവില്ലെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്.
മാദ്ധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിനെതിരെയാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്.
പാക്കിസ്ഥാന്റെ അജണ്ട പിന്തുടരുന്ന ആതീഷ് തസീര്‍ മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ലേഖനം എഴുതിയതെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര പറഞ്ഞു. ലേഖനം റീട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തക തല്‍വീന്‍ സിംഗിന്റെയും പാക് രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റെയും മകനാണ് ആതിഷ് തസീര്‍.

2014ലും തസീര്‍ മോദിയെ വിമര്‍ശിച്ച്‌ പല വിദേശ മാഗസിനുകളിലും ലേഖനം എഴുതിയതായും പത്ര പറഞ്ഞു. മോദിയുടെ ഭരണത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്കാണ് പോകുന്നതെന്നും പത്ര കൂട്ടിച്ചേര്‍ത്തു.

ആതിഷിന് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ആതിഷിനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ വിക്കിപീഡിയ പേജില്‍ ആതിഷ് കോണ്‍ഗ്രസിന്റെ പി.ആര്‍. മാനേജര്‍ ആണെന്ന് ഉള്‍പ്പെടെയുള്ളവ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് സംഘപരിവാര്‍ ആക്രമണം.
ആതിഷ് കോണ്‍ഗ്രസിന്റെ പി.ആര്‍.മാനേജരാണെന്ന് വ്യാജപ്രചാരണം നടത്തി ടൈം മാഗസിനിലെ ലേഖനത്തിന് വിശ്വാസ്യതയില്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ വൃലേഖനം ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നു.
പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളില്‍ നടക്കുന്ന ഗൂഢനീക്കങ്ങളിലും മോദി മൗനാനുവാദം നല്‍കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിര്‍ഭയമായ മാദ്ധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു.
2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്

No comments