Breaking News

പി ജെ ജോസഫിന്‍റെ നീക്കത്തിനെതിരെ കോടതി ഇടപെടൽ

തിരുവനന്തപുരത്ത് നടക്കുന്ന കെ എം മാണി അനുസ്മരണ പരിപാടിയില്‍ വെച്ച്‌ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. ജോസഫിന്റെ കരുനീക്കത്തിനെതിരെ കൊല്ലം ജില്ലാ ജനറല്‍ സെക്രെട്ടറി മനോജ് നല്‍കിയ ഹര്‍ജിയിലാണ് അനുസ്‌മരണത്തിനിടെ ചെയര്‍മാനെ തെരെഞ്ഞെടുക്കരുതെന്ന കോടതി നിര്‍ദ്ദേശം.

തിരുവനന്തപുരം ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍റെ താത്കാലിക ചുമതല പിജെ ജോസഫിന് നല്‍കിയിരുന്നു. എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണ മെന്ന ആവശ്യവുമായി ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ജോസഫിന്റെ താല്‍ക്കാലിക ചുമതല നിലനില്‍ക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ഇത് തീരുമാനിക്കുക പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിനു ശേഷം മാത്രമായിരിക്കുമെന്നും മനോജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഹര്‍ജി നല്‍കിയത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നാണ് മനോജ് പറയുന്നത്, എന്നാല്‍ ഇതിനു പിന്നില്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ ഉണ്ടെന്നാണ് സൂചന.

മാണിയുടെ മരണത്തിനു മുന്‍പ് തന്നെ കേരള കോണ്‍ഗ്രസിനുള്ളില്‍ അധികാര തര്‍ക്കം ഉടലെടുത്തിട്ടിരുന്നു. വരും ദിവസങ്ങളില്‍ ചെയര്‍മാന്‍ ആകാനുള്ള പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും പോര് കൂടുതല്‍ കനക്കും.

No comments