Breaking News

കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഫലിക്കുമോ? രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ കണക്കുകള്‍ ഇങ്ങനെ..

നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. 2014ല്‍ ബിജെപി നേടിയ വന്‍ വിജയത്തോട് പൊരുതാനിറങ്ങയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ നേതൃ പദവിയിലേക്ക് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ പരിഹസിച്ചിരുന്നവര്‍ ഇന്ന് രാഹുലിന്റെ നേതൃത്വത്തെ പുകഴ്ത്തുന്നു. രാഹുലിനെതിരെ ഉയര്‍ന്ന പപ്പു വിളികളും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.

നരേന്ദ്ര മോദിയെ നേരിടാന്‍ ശക്തനായ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിച്ച്‌ തുടങ്ങിയിരിക്കുന്നു.

2014ല്‍ പാര്‍ട്ടി നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയില്‍ നിന്നും പാര്‍ട്ടിയെ കര കയറ്റുക എന്ന വലിയ ദൗത്യമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്. നരേന്ദ്ര മോദിയെ വെട്ടി രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ബിജെപിക്ക് തുടര്‍ഭരണം ലഭിക്കുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതെങ്കിലും രാഹുല്‍ ഗാന്ധിയുടെ സാധ്യതകളും തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി പദത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ ഇങ്ങനെയാണ്.

2019ല്‍ വെറും 44 ആയിരുന്നു കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം. എന്നാല്‍ 2019ല്‍ 150 ല്‍ പരം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്.
101 മുതല്‍ 150 വരെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ ഫലം പ്രവചിക്കുന്നതെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം കൂടി ആകെ അംഗബലം 204ആയിരുന്നു. കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെപ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും 150 എന്ന സ്വപ്ന നേട്ടം. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും.

കോണ്‍ഗ്രസ് ഏറ്റവും വലിയ ബിജെപി ഇതര കക്ഷിയാവുകയാണെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനായേക്കും. അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നിലപാട് നിര്‍ണായകമാകും.

പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മായാവതിയുടെ നിലപാടും നിര്‍ണായകമാണ്. അതേ സമയം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമീപകാലത്തെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറാനും സാധ്യതയുണ്ട്.

അതേ സമയം നൂറ് സീറ്റുകളില്‍ കുറവാണ് കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടമെങ്കില്‍ മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കില്ല.
ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ പ്രദേശിക പാര്‍ട്ടികളുടെ നീക്കങ്ങളെ കോണ്‍ഗ്രസിന് പിന്തുണയ്ക്കേണ്ടി വരും. പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും ചെയ്തേക്കും.

1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായതിന് സമാനമായി ഒരു മൂന്നാം മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയും കുറവല്ല. 1996ല്‍ വിശാല ഐക്യത്തിന് നേതൃത്വം നല്‍കിയതും ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ചന്ദ്രബാബു നായിഡു ആയിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ദേവഗൗഡയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാനായതും പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവുമെല്ലാം കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കര്‍ഷക പ്രതിഷേധങ്ങളും തൊഴിലില്ലായ്മയും ബിജെപിക്ക് തിരിച്ചടി ആയേക്കും. 2014ല്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്നും കനത്ത വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത്.

കോണ്‍ഗ്രസിന് 2014ല്‍ നേരിടേണ്ടി വന്ന കനത്ത തിരിച്ചടി ഈ തിര‍ഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രചാരണ യോഗങ്ങളില്‍ പറയുന്നത്.
40 സീറ്റില്‍ താഴെ മാത്രമെ കോണ്‍ഗ്രസിന് ലഭിക്കു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതേ സമയം കോണ്‍ഗ്രസിന് 40 ന് മുകളില്‍ സീറ്റ് നേട്ടമുണ്ടായാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയാറാകുമോയെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചിരുന്നു.

No comments