Breaking News

വട്ടിയൂര്‍ക്കാവില്‍ മുരളിയുടെ ഒഴിവില്‍ പത്മജ? ബി.ജെ.പിയില്‍ നിന്ന് കുമ്മനം..

വടകരയില്‍ നിന്ന് കെ.മുരളീധരന്‍ എം.എല്‍.എ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചന.
കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനെതിരെ മത്സരിച്ച്‌ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. എല്‍.ഡി.എഫിന് കിട്ടിയത് 29,414 വോട്ടും.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചാല്‍ വിജയിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

മിസോറാം ഗവര്‍ണറായിരിക്കെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ പദവി രാജിവയ്പിച്ചാണ് ബി.ജെ.പി - ആ‌ര്‍.എസ്. എസ് നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
ഗവര്‍ണ‌ര്‍മാര്‍ മത്സരിക്കാനായി രാജിവയ്ക്കുന്നതിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെങ്കിലും ഒടുവില്‍ സംസ്ഥാന ഘടകത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
കുമ്മനത്തെ ലോക്‌സഭയിലേക്ക് ജയിപ്പിക്കുകയായിരുന്നു ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമെങ്കിലും അത് നടക്കാത്തതിനാല്‍ എന്തുവിലകൊടുത്തും ഇനി അദ്ദേഹത്തെ നിയമസഭയിലെത്തിക്കാനാണ് ശ്രമം.

അതേസമയം, കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തില്‍ കുമ്മനത്തെ പരിഗണിക്കുമെന്ന ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, 2011ല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.കരുണാകരന്റെ മകളും സിറ്റിംഗ് എം.എല്‍.എ കെ.മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാലിന്റെ പേര് ഉയര്‍ന്നുവരുന്നുണ്ട്.
കോണ്‍ഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. പി.സി. വിഷ്ണനാഥിന്റെ പേരും വട്ടിയൂര്‍ക്കാവിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാല്‍ പത്മജയ്ക്കാവും കൂടുതല്‍ വിജയസാദ്ധ്യത എന്നാണ് കോണ്‍ഗ്രസിലെ സംസാരം.
വട്ടിയൂര്‍ക്കാവില്‍ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിലെ നിലവിലെ സാഹചര്യവും പത്മജയ്ക്ക് അനുകൂലമാവുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാറിന്റെ പേരാണ് വട്ടിയൂര്‍ക്കാവിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്. 2016ല്‍ മത്സരിച്ച ടി.എന്‍.സീമ, 2011ല്‍ മത്സരിച്ച ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ക്കുമുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍, ഇതേക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്.

No comments