Breaking News

രാജസ്ഥാനില്‍ അശോക്‌ ഗെലോട്ടിനെ പുറത്താക്കി സച്ചിന്‍ പൈലറ്റിനെ ഉടന്‍ മുഖ്യമന്ത്രിയാക്കും. തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ കമല്‍ നാഥും പുറത്തേക്ക്. ജ്യോതിരാദിത്യ സിന്ധ്യ പുതിയ മുഖ്യമന്ത്രി. തോല്‍‌വിയില്‍ തിരുത്തല്‍ നടപടികള്‍ക്ക് തുടക്കംകുറിച്ച്‌ രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരുത്തല്‍ നടപടികളിലേക്ക് കടക്കുന്നു. തിരുത്തല്‍ ആദ്യം ആരംഭിക്കുക രാജസ്ഥാനില്‍ നിന്നാണെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണ മാറ്റത്തിനാണ് ആദ്യ പരിഗണന.

ഇതുപ്രകാരം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെ മാറ്റി പകരം ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരും. പദവിയൊഴിയാന്‍ അശോക്‌ ഗെലോട്ടിന് സൂചന നല്‍കിക്കഴിഞ്ഞു.

മധ്യ പ്രദേശിലും മുഖ്യമന്ത്രി കമല്‍ നാഥിന് സ്ഥാനം തെറിക്കും. ഇവിടെ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകും.

എന്നാല്‍ രാജസ്ഥാന് ഒപ്പം തന്നെ മധ്യപ്രദേശിലെ ഭരണമാറ്റത്തിന് സാധ്യതയില്ല. ആദ്യം രാജസ്ഥാന്‍, പിന്നെ മധ്യപ്രദേശ് എന്നതായിരിക്കും കോണ്‍ഗ്രസിന്റെ പരിഗണന.

കാരണം, കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഗുണ മണ്ഡലത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം അദ്ദേഹത്തിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ടു മുഖ്യമന്ത്രിമാരും സ്വന്തം മക്കള്‍ക്ക് സീറ്റ് വാങ്ങാനും മത്സരിപ്പിക്കാനുമായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അതിനാല്‍ തന്നെ മറ്റ്‌ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ സി പി സി മീറ്റിംഗില്‍ പറഞ്ഞിരുന്നു.

ഇതില്‍ ഗെലോട്ടിന്റെ മകന്‍ വൈഭവ് രാജസ്ഥാനില്‍ തോറ്റിരുന്നു. അതോടെ ഗലോട്ടിന്റെ സ്ഥാനചലനം ഉറപ്പായി. അതേസമയം,കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്‌ വിജയിച്ചിരുന്നു.
അവിടെ നകുല്‍ നാഥ്‌ വിജയിച്ചതും ജ്യോതിരാദിത്യ സിന്ധ്യ തോറ്റതും കമല്‍ നാഥ്‌ ചെറിയ പിടിവള്ളിയായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അതൊന്നും അധികാരത്തില്‍ തുടരാന്‍ കമല്‍ നാഥിന് തുണയാകില്ലെന്നാണ് സൂചന.

No comments