Breaking News

ഒടുവില്‍ ഐ ഗ്രൂപ്പിന്‍റെ പിടിവാശി വിജയിച്ചു.. കെപിസിസിക്ക് ജംബോ പട്ടിക തന്നെ.. എത്ര കിട്ടിയിട്ടും പഠിക്കാതെ നേതാക്കൾ..

കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നു. ഐ ഗ്രൂപ്പിന്‍റെ പിടിവാശിക്ക് കെപിസിസി അധ്യക്ഷന് വഴങ്ങേണ്ടി വന്നതോടെ ഒരാള്‍ക്ക് ഒരു പദവിയെന്ന നിര്‍ദ്ദേശം നടപ്പായില്ല.
ജനപ്രതിനിധികളെ അടക്കം ഉള്‍പ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും. എ-ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച പേരുകള്‍ കൂട്ടിച്ചേര്‍ത്താല്‍ തന്നെ 60 ലേറെ പേര്‍ ഭാരവാഹികളായി എത്തും.
ഗ്രൂപ്പിന് പുറത്തുനിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ അന്തിമ പട്ടികയിലെ ഭാരവാഹികളുടെ എണ്ണം 80 ന് മുകളിലെത്തും. ജംബോ കമ്മിറ്റി വേണ്ടെന്ന ആഗ്രഹം, ഐ ഗ്രൂപ്പിന്‍റെ പിടിവാശിക്ക് മുമ്ബില്‍ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

അത് മാത്രമല്ല. എംപിമാരും എംഎല്‍എമാരും ഭാരവാഹികള്‍ ആകേണ്ടെന്ന ആഗ്രഹവും ഗ്രൂപ്പ് സമ്മര്‍ദ്ദത്തിന് മുന്നില്‍ കെപിസിസി അധ്യക്ഷന് ഉപേക്ഷിക്കേണ്ടിവന്നു.

ജനപ്രതിനിധികളെ ഭാരവാഹികളാക്കാന്‍ നിര്‍ബന്ധം പിടിച്ചത് ഐ ഗ്രൂപ്പാണ്. ഒരാള്‍ക്ക് ഒരു പദവി ആശയത്തോട് എ ഗ്രൂപ്പിന് യോജിപ്പായിരുന്നു.
വിഡി സതീശന്‍, വിഎസ് ശിവകുമാര്‍ , അടൂര്‍ പ്രകാശ് അടക്കമുള്ള ജനപ്രതിനിധികള്‍ ഐ ഗ്രൂപ്പ് പട്ടികയിലുണ്ട്. നേരത്തെ 24 ജനറല്‍ സെക്രട്ടറിമാറും 44 സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്‍റുമാരുമാണ് ഉണ്ടായിരുന്നത്.

പട്ടിക ദില്ലിക്ക് അയക്കും മുമ്ബ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തിയിരുന്നു. വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ വേണ്ടെന്നായിരുന്നു നേരത്തെ സംസ്ഥാനതലത്തിലുണ്ടായ ധാരണ.
പക്ഷേ, ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. നിലവില്‍ രണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ എംപിമാരാണ്. എം ഐ ഷാനവാസിന്‍റെ മരണം മൂലമുള്ള ഒഴിവുമുണ്ട്.
പട്ടിക ചുരുക്കാന്‍ മുല്ലപ്പള്ളി ഒരുപാട് ശ്രമിച്ചെങ്കിലും ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്കില്ലായിരു്നു. ഇനിയും കമ്മിറ്റിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്ന കെപിസിസി പ്രസിഡണ്ട് ഒടുവില്‍ ഗ്രൂപ്പ് താല്പര്യത്തിന് മുന്നില്‍ മുട്ടുമടക്കി.

No comments