‘ജ്യോതിരാദിത്യ സിന്ധ്യ ഉടന്‍ കോണ്‍ഗ്രസിലേക്ക്’..!! സിന്ധ്യയ്‌ക്കൊപ്പം രാജി വെച്ചവരും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു..!!
കോണ്‍ഗ്രസിന് സമീപകാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും രാഹുലിന്റെ അടുത്ത വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കൊണ്ടായിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പാലം വലിച്ച് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്.
കോണ്‍ഗ്രസിലെ ഭിന്നതകളായിരുന്നു സിന്ധ്യയുടെ രാജിയിലേക്ക് നയിച്ചത്. സിന്ധ്യയ്ക്ക് പിന്നാലെ 22 എംഎല്‍എമാരും രാജിവെച്ച് ബിജെപിയില്‍ എത്തിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു.
എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറം ബിജെപി മടുത്ത് സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന അഭ്യൂഹങ്ങളാണ് തുടക്കമിട്ടിരിക്കുന്നത്. സിന്ധ്യ ബിജെപിയില്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്
മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദമോ ഉപമുഖ്യമന്ത്രി പദമോ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു 2018 ല്‍ സിന്ധ്യ തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമായത്. എന്നാല്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചതോടെ പിസിസി അധ്യക്ഷനായിരുന്ന കമല്‍നാഥിനെ നേതൃത്വം മുഖ്യമന്ത്രിയാക്കി. ഉപമുഖ്യമന്ത്രി പദം ലക്ഷ്യം വെച്ച സിന്ധ്യയുടെ മോഹത്തിന് കമല്‍നാഥ് തുരങ്കം വെച്ചതോടെ ആ നീക്കവും പൊളിഞ്ഞു.
പിന്നാലെ സംസ്ഥാന അധ്യക്ഷ പദമെങ്കിലും വേണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാനും കമല്‍നാഥ് തയ്യാറായില്ല. സിന്ധ്യയുടെ മോഹത്തിന് തടയിടാന്‍ മുതിര്‍ന്ന നേതാവ് കൂടിയായ ദിഗ്വിജയ് സിംഗ് കൂടി കളത്തിലിറങ്ങിയതോടെ അധ്യക്ഷ സ്ഥാനവും സിന്ധ്യയ്ക്ക് ലഭിച്ചില്ല. ഒടുവില്‍ രാജ്യസഭ സീറ്റായിരുന്നു സിന്ധ്യയുടെ പ്രതീക്ഷ.
എന്നാല്‍ ദിഗ്വിജയ്-കമല്‍നാഥ് കൂട്ട് കെട്ട് ഇക്കാര്യത്തിലും സിന്ധ്യയ്ക്കെതിരായി ഒറ്റക്കെട്ടായ നീക്കം നടത്തിയതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തിനായി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് പാലം വലിച്ച് സിന്ധ്യ ബിജെപിയിലേക്ക് എത്തിയത്. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്ര മന്ത്രി സ്ഥാനവും കൂറുമാറിയെത്തിയ എംഎല്‌എമാര്‍ക്ക് മന്ത്രിസ്ഥാനവുമായിരുന്നു ബിജെപിയുടെ ഓഫര്‍.
എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതിരുന്നതോടെ സിന്ധ്യ കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയ രണ്ട് നേതാക്കളെ ചൗഹാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റ് ഉറപ്പുകളൊന്നും ബിജെപി പാലിച്ചിട്ടില്ല. ഇനി പാലിക്കാനാകുമെന്ന അഭ്യൂഹവും ശക്തമാണ്.
രണ്ടാം മന്ത്രിസഭ വികസനത്തില്‍ കൂറുമാറിയെത്തിയ 10 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന ഉറപ്പാണ് സിന്ധ്യയ്ക്ക് ബിജെപി നല്‍കിയിരിക്കുന്നത്. ഇതിനായി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക ചൗഹാന്‍ തയ്യാറാക്കിയെങ്കിലും മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി.
ദീപക് ജോഷി ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയും ബിജെപിയില്‍ ഭിന്നത പുകയുകയാണ്. കൂറുമാറിയെത്തവരെ തന്നെ 22 മണ്ഡലങ്ങളിലും മത്സരിപ്പിക്കാമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇതും പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലേങ്കില്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നാണ് ബിജെപിയിലെ സിന്ധ്യ വിരുദ്ധര്‍ നേതൃത്വത്തിന് നല്‍കിയ മുന്നറിയിപ്പ്. പാര്‍ട്ടിയിലെ സിന്ധ്യ വിരുദ്ധര്‍ ചേര്‍ന്ന് പ്രത്യേക യോഗം ചേര്‍ന്നതും ബിജെപിക്ക് തലവേദനയായി. ഇതോടെ കൂറുമാറിയവരെ മത്സരിപ്പിച്ചാല്‍ അത് ബിജെപിയെ പരാജയത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.
ഇതിനിടെ നരേന്ദ്ര മോദി സര്‍ക്കാരില്‍ സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. സിന്ധ്യയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമോയെന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ മൗനം തുടരുകയാണ്.
കോണ്‍ഗ്രസിലേക്ക് തിരികെയെത്തി
ഇതിനിടെ സിന്ധ്യയുടെ ഒപ്പം ബിജെപിയിലേക്ക് പോയ മുതിര്‍ന്ന നേതാവും സിന്ധയയുടെ ഏറ്റവും അടുത്ത അനുയായിയുമായ സത്യേന്ദ്ര യാഥവ് ഇന്നലെ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി. മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്നു സത്യേന്ദ്ര. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്.
സംഘ് സംസ്കാരം താത്പര്യമില്ലെന്ന്
സിന്ധ്യയുടെ അനുയായികളില്‍ പലരും ബിജെപി വിടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘ് സംസ്കാരത്തില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം സിന്ധ്യയും അസ്ഥസ്ഥനാണെന്നും ഉടനെ തന്നെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യേന്ദ്ര പറഞ്ഞു.
അതിനിടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി സിന്ധ്യ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് 'ബിജെപി' എടുത്തു കളഞ്ഞിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. നിലവില്‍ സിന്ധ്യയുടെ പ്രൊഫൈലില്‍ ജനസേവകന്‍ എന്നാണ് ഉള്ളത്. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറും മുന്‍പ് തന്റ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസ്' എടുത്ത് കളഞ്ഞ് കൊണ്ടായിരുന്നു പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന സിന്ധ്യ നല്‍കിയത്.
മുന്‍ എംപി, യുപിഎ, സര്‍ക്കാരിലെ മുന്‍ മന്ത്രി, തുടങ്ങിതുടങ്ങിയ വിവരങ്ങളാണ് സിന്ധ്യ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കിയത്. പകരം പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റ് ഭ്രാന്തന്‍ എന്നുമായിരുന്നു അന്ന് സിന്ധ്യ കുറിച്ചത്. സമാന രീതിയിലാണ് സിന്ധ്യയുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.ഇത് സംബന്ധിച്ച് സിന്ധ്യ ഇതുവരെ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
അതേസമയം ബിജെപി നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സിന്ധ്യയുടെ ഈ നീക്കം എന്ന വിലയിരുത്തലുകളുമുണ്ട്. പ്രത്യേകിച്ച് സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന്റെ തുടക്കം ഇത്തരത്തിലായതിനാല്‍. അതേസമയം ബിജെപിയിലെത്തിയെങ്കിലും സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ ബിജെപിയെന്ന് ചേര്‍ത്തിട്ടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.





























No comments