Breaking News

മുന്നണി മാറിയപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന് ജില്ലാ പഞ്ചായത്തില്‍ മത്സരിക്കാനുള്ള രണ്ട് സീറ്റ് നഷ്ടം ! കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റിന് പകരം ഇക്കുറി കിട്ടിയത് ഒന്‍പതെണ്ണം ! യുഡിഎഫിലെ ജോസഫ് വിഭാഗവും മത്സരിക്കുന്നത് ഒന്‍പതു സീറ്റില്‍. സിപിഐയുടെ കടുംപിടുത്തം നിയമസഭാ സീറ്റ് വിഭജനം ലക്ഷ്യമിട്ട്. കാഞ്ഞിരപ്പള്ളി സീറ്റിലടക്കം തര്‍ക്കം മുറുകുമെന്നുറപ്പ് !

 


ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനം പൂര്‍ത്തിയായതോടെ ഇടതുമുന്നണിയിലെ രാഷ്ട്രീയ വിജയം സിപിഐക്ക് തന്നെ. നേരത്തെ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ വലിയ കക്ഷി അവരാണെന്നു സിപിഎം ജില്ലാ സെക്രട്ടറിയടക്കം വ്യക്തമാക്കിയെങ്കിലും തങ്ങളുടെ നിലപാടില്‍ സിപിഐ ഉറച്ചു നിന്നു.


പുതിയ കക്ഷിയെ മുന്നണിയില്‍ എടുത്തപ്പോള്‍ സാധാരണ ചെയ്യുന്ന വിട്ടുവീഴ്ച മാത്രമെ ചെയ്യൂ എന്ന ഉറച്ച നിലപാടാണ് സിപിഐ സ്വീകരിച്ചത്. 22 ഡിവിഷനില്‍ കഴിഞ്ഞ തവണ സിപിഐ മത്സരിച്ചത് അഞ്ചെണ്ണത്തിലാണ്. ഇതില്‍ ഒരെണ്ണം മാത്രം വിട്ടു നല്‍കാനാണ് സിപിഐ തയ്യാറായത്.


നേരത്തെ 13 ( രണ്ടു സീറ്റുകള്‍ ജനപക്ഷം മത്സരിച്ചു) സീറ്റില്‍ മത്സരിച്ച മുന്നണിയിലെ ഒന്നാം കക്ഷിയായ സിപിഎം ഒന്‍പതിലേക്ക് ചുരുങ്ങി.

അതേസമയം ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിനെ അപേക്ഷിച്ച്‌ നോക്കിയാല്‍ ഇപ്പോള്‍ കിട്ടിയ സീറ്റിന്റെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ 11 സീറ്റില്‍ മത്സരിച്ച സ്ഥാനത്താണ് ഇക്കുറി ഒന്‍പതിലേക്ക് ചുരുങ്ങേണ്ടി വന്നത്.

യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും ഒന്‍പതു സീറ്റാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ ജില്ലയില്‍ 500 പ്രവര്‍ത്തകര്‍ പോലുമില്ലാത്ത പാര്‍ട്ടിയാണ് ജോസഫ് വിഭാഗമെന്നു വിലയിരുത്തിയിരുന്നിടത്താണ് അവര്‍ യൂഡിഎഫില്‍ 9 സീറ്റുകള്‍ നേടിയത്. എന്നാല്‍ അണികളും നേതാക്കളുമുണ്ടെന്ന് അവകാശപ്പെടുന്ന ജോസ് കെ മാണിക്ക് പക്ഷേ കിട്ടിയത് ജോസഫിന് ലഭിച്ച അത്രയും സീറ്റ് മാത്രമാണ്.

ഇതോടെ മുന്നണി മാറ്റത്തിന്റെ പ്രയോജനം എന്തെന്ന കാര്യം അണികളോട് വിശദീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം ബുദ്ധിമുട്ടും. അത് ഇടതു മുന്നണിക്കും ഭാവിയില്‍ മറ്റു രീതിയില്‍ തലവേദന സൃഷ്ടിക്കും. അതിനെക്കാള്‍ കേരളാ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകുക കഴിഞ്ഞ ദവസത്തെ കാനം രാജേന്ദ്രന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുക എന്നതാകും. കേരളാ കോണ്‍ഗ്രസല്ല, മറിച്ച്‌ മുന്നണിയിലെ രണ്ടാം കക്ഷി തങ്ങളാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് കേരളാ കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് തന്നെ എന്നും വ്യാഖ്യാനിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഒന്നോ രണ്ടോ സീറ്റിന്റെ പ്രശ്‌നമായല്ല സിപിഐ ഇതിനെ കാണുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റിലടക്കമുണ്ടാകാന്‍ പോകുന്ന വലിയ തര്‍ക്കത്തിന്റെ ചെറിയ തുടക്കമാണിതെന്നും വിലയിരുത്താം. കേരളാ കോണ്‍ഗ്രസിന് വേണ്ടി വലിയ വിട്ടുവീഴ്ച ചെയ്യാനില്ല എന്നു സിപിഐ നിലപാട് വ്യക്തമാക്കിയത് സിപിഎമ്മിനും പലിയ തലവേദനയുണ്ടാക്കും.

No comments