പിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫും..!! കേരള കോൺഗ്രസുകാർ വാഴുന്നു..
കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലെത്താന്‍ മുന്‍കൈയ്യെടുത്തത് സിപിഎം ആണ്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സിപിഎം ജോസിനെ യുഡിഎഫില്‍ നിന്ന് ചാടിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശ വാര്‍ഡുകളുടെ പങ്കുവയ്ക്കല്‍ വലിയ തലവേദനയാകുന്നത് സിപിഎമ്മിന് തന്നെ.
ജോസ് പക്ഷത്തെ പരിഗണിക്കുമ്പോള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സിപിഎമ്മാണ്. ജോസ് പക്ഷത്തിന് എത്ര സീറ്റ് കൊടുത്താലും പ്രശ്‌നമില്ലെന്ന് പറയുന്ന സിപിഐ തങ്ങളുടെ സീറ്റില്‍ കൈവെക്കരുത് എന്നും ആവശ്യപ്പെടുന്നു. പക്ഷേ, ജോസ് പക്ഷം പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്തി എന്നാണ് വിവരം...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ തവണ 13 സീറ്റില്‍ മല്‍സരിച്ചിരുന്നു സിപിഎം. ഇത്തവണ പത്ത് സീറ്റിലേ മല്‍സരിക്കൂ എന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിന് ചില സീറ്റുകള്‍ വിട്ടുകൊടുക്കുകയാണ് സിപിഎം ചെയ്തത്.
12 സീറ്റ് വേണം എന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. പറ്റില്ലെന്ന് സിപിഎം വ്യക്തമാക്കി. യുഡിഎഫ് ജോസഫ് പക്ഷത്തെ പരിഗണിക്കുന്ന പോലെ തങ്ങളെ എല്‍ഡിഎഫ് പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും ജോസ് പക്ഷത്തിനുണ്ട്. 9 സീറ്റ് നല്‍കാമെന്ന് സിപിഎം അറിയിച്ചു. ഒടുവില്‍ 10 സീറ്റ് ജോസ് പക്ഷത്തിന് വിട്ടുകൊടുക്കുമെന്നാണ് ധാരണയത്രെ.
സിപിഐ അഞ്ച് സീറ്റിലാണ് 2015ല്‍ മല്‍സരിച്ചത്. രണ്ടു സീറ്റ് ജോസ് പക്ഷത്തിന് ഇത്തവണ കൈമാറണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് സിപിഐ യോജിച്ചിട്ടില്ല. തങ്ങള്‍ മൂന്ന് സീറ്റ് കൈമാറുന്നില്ലേ എന്നാണ് സിപിഎം വാദം. എന്നാല്‍ വേണ്ടി വന്നാല്‍ ഒരു സീറ്റ് നല്‍കാമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.
എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ജോസിന്റെ ആവശ്യം നടക്കണമെങ്കില്‍ സിപിഎം തന്നെ കൂടുതല്‍ സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുന്ന പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം ആകും. എങ്ങനെ വിഷയം പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം.
കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് യുഡിഎഫ് 9 സീറ്റ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ കൈമാറി എന്നാണ് വിവരം. ഈ കാര്യമാണ് ജോസ് പക്ഷം എടുത്തുപറയുന്നത്. എന്നാല്‍ യുഡിഎഫിലും സീറ്റ് വിഭജനം വലിയ വിവാദത്തിലെത്തി. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു.
സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയാക്കിയത് എന്‍ഡിഎ ആണ്. 18 സീറ്റില്‍ ബിജെപി മല്‍സരിക്കും. ബാക്കി ബിഡിജെഎസും. ഏഴ് സീറ്റില്‍ വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. സീറ്റ് വിഭജനം വൈകിയാലും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് യുഡിഎഫും എല്‍ഡിഎഫും അവകാശപ്പെടുന്നു.

No comments