Breaking News

പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും..!! ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം..

 


കോഴിക്കോട്: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫും കോണ്‍ഗ്രസും ലക്ഷ്യമിടുന്നില്ല. ഒരു തോല്‍വി ഏറ്റുവാങ്ങാനുള്ള സംഘടനാശേഷി കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ കിട്ടാവുന്ന സഹായങ്ങള്‍ എല്ലായിടത്ത് നിന്നും കൈപ്പറ്റിക്കൊണ്ടായിരിക്കും ഇത്തവണ യുഡിഎഫിന്റെ നീക്കങ്ങള്‍ എന്നാണ് കരുതുന്നത്.


കോഴിക്കോട് ജില്ലയില്‍ ആര്‍എംപിയെ യുഡിഎഫ് കൂടെ നിര്‍ത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. പന്ത് യുഡിഎഫിന്റെ കോര്‍ട്ടിലേക്ക് തള്ളി കാത്തിരിക്കുകയാണ് ആര്‍എംപി. തങ്ങള്‍ ഇത്തവണ വടകര ഉള്‍പ്പെടെ പത്ത് സീറ്റുകളില്‍ മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. വിശദാംശങ്ങള്‍...


എല്‍ഡിഎഫിനെതിരെയാണ് തങ്ങളുടെ പോരാട്ടം എന്നത് ആര്‍എംപി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ആ പോരാട്ടത്തില്‍ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നാണ് ആര്‍എംപി പറയുന്നത്.


യുഡിഎഫ് കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വടകരയില്‍ തങ്ങള്‍ മത്സരിക്കുമെന്ന് ആര്‍എംപി വ്യക്തമാക്കിക്കഴിഞ്ഞു. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നതും ഏറെക്കുറേ ഉറപ്പായ കാര്യമാണ്. കെകെ രമയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന വാഗ്ദാനം നേരത്തേ ഉള്ളതാണ്.


സംസ്ഥാനത്താകമാനം പത്ത് സീറ്റുകളില്‍ തങ്ങള്‍ മത്സരിക്കും എന്നാണ് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കിയിട്ടുള്ളത്. അതില്‍ അഞ്ച് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയില്‍ ആയിരിക്കും. വടകര കൂടാതെ കുറ്റ്യാടി, നാദാപുരം, കോഴിക്കോട് നോര്‍ക്ക്, കുന്ദമംഗലം എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ ആണ് തീരുമാനം.


തൃശൂര്‍ ജില്ലയില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനാണ് പദ്ധതി. കുന്നംകുളവും നാട്ടികയും. ഇതില്‍ കുന്നംകുളം സിപിഎമ്മിന്റേയും നാട്ടിക സിപിഐയുടേയും സിറ്റിങ് സീറ്റുകളാണ്. പാലക്കാട് ജില്ലയില്‍ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ മണ്ണാര്‍ക്കാട് ആണ് ആര്‍എംപി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. ആറ്റിങ്ങല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണ്.


വടകരയില്‍ കഴിഞ്ഞ തവണ ജെഡിയുവിന് ആയിരുന്നു യുഡിഎഫ് നല്‍കിയത്. അവരിപ്പോള്‍ എല്‍ജെഡി ആയി ഇടതിനൊപ്പമാണ്. അതുകൊണ്ട് ഇത്തവണ വടകര മണ്ഡലം തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ചിട്ടുണ്ട്. അതുപോലെ തന്നെ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ മണ്ണാര്‍ക്കാട് ആര്‍എംപി വരുന്നതിലും ലീഗ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ട്.


നിലവിലെ കക്ഷികള്‍ക്ക് തന്നെ എങ്ങനെ സീറ്റ് വിഭജനം നടത്തണം എന്ന ആശയക്കുഴപ്പത്തിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്. ആര്‍എംപിയുമായി സഹകരിക്കുകയാണെങ്കില്‍ അവര്‍ക്കും ചില സീറ്റുകള്‍ വിട്ടുനല്‍കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അതിന് യുഡിഎഫ് മുതിരുമോ എന്നതും സംശയമാണ്.


വടകര മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. നിലവില്‍ രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും എല്‍ഡിഎഫിലാണ്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം നടത്തണമെങ്കില്‍ യുഡിഎഫിന് ആര്‍എംപിയുടെ പിന്തുണ ഏറെ നിര്‍ണായകമാണ്. അത് നഷ്ടപ്പെടുകയാണെങ്കില്‍ മണ്ഡലത്തില്‍ ഇടത് വിജയം സുനിശ്ചിതവും ആണ്.


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകരയില്‍ 2,074 വോട്ടിന്റെ ലീഡ് ഉണ്ട് യുഡിഎഫിന്. ആര്‍എംപിയുമായി സഹകരിച്ചായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും എതിരെ മത്സരിച്ച് കെകെ രമ ഒറ്റയ്ക്ക് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ സമാഹരിച്ച മണ്ഡലമാണ് വടകര. യുഡിഎഫ് പ്രതീക്ഷയും ഈ വോട്ടുകള്‍ തന്നെയാണ്.


വടകരയില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വേണുവിനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തയ്യാറല്ല. ഈ സഹാചര്യത്തില്‍ വിലപേശല്‍ തന്ത്രമായിട്ടാണോ പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം എന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥികള്‍ വരുന്നത് യുഡിഎഫ് വോട്ടുകള്‍ വിഘടിക്കുന്നതിന് കാരണമാവുകയും ചെയ്യും.

No comments