യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്കോ..?? 28-ന് പ്രതികരിക്കാമെന്ന് കെ.വി തോമസ്..!!
തിരുവനന്തപുരം : യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോകുമെന്ന പ്രചാരണങ്ങളെക്കുറിച്ച് ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി.തോമസ്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് പറഞ്ഞു.
ലോക്സഭാ സീറ്റ് നിഷേധിച്ചതിലും പാർട്ടിയിൽ അര്‍ഹമായ സ്ഥാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് കെ.വി.തോമസ് എൽഡിഎഫിനോട് അടുക്കുന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ട്. എ.കെ. ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു.
എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി. തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മാനദണ്ഡമുണ്ടെങ്കിൽ അത് എല്ലാപേർക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാൻ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടിരുന്നു.
1984ൽ തന്റെ മുപ്പത്തി എട്ടാം വയസ്സിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് എംപി ആയ ആളാണ് കെ വി തോമസ് മാസ്റ്റർ. അദ്ദേഹം എം പി ആകുന്നതിനു മുമ്പ്, എറണാകുളം തേവരയിലെ സേക്രട്ട് ഹാർട്ട് കോളേജിലെ കെമിസ്ട്രി അദ്ധ്യാപകനായിരുന്നു.
1970-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ കെ.പി.സി.സി അംഗമാണ്. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 മുതൽ എ.ഐ.സി.സി അംഗമാണ്. 1984-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു. 1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെൻ്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത് അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
അങ്ങനെ കെ വി തോമസ് എന്ന രാഷ്ട്രീയ നേതാവ് 22 വർഷം മെമ്പർ ഓഫ് പാർലമെന്റ് ആയും എട്ടുവർഷം എംഎൽഎ ആയും, ആകെ മൊത്തം 30 വർഷം അധികാര കസേരയിൽ ഉണ്ടായിരുന്നു.
കെവി തോമസ് മാത്രം നിന്നാൽ ജയിക്കുന്ന സീറ്റിൽ നിന്നൊന്നുമല്ല, പാർട്ടിക്ക് ഉറച്ച വോട്ടുകളുള്ള സ്ഥലത്തു നിന്നും ജയിച്ചാണ് ഇവിടെ എത്തിയത് എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വികാരം..
എഴുപത്തി അഞ്ചുകാരനായ കെവി തോമസ് അധികാരത്തിൽ നിന്ന് മനസ്സില്ലാ മനസ്സോടെ മാറി നിന്നിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞതേ ഉള്ളൂ.

No comments