Breaking News

ഇഎസ് ബിജിമോളുടെ ഭൂരിപക്ഷം വെറും 395..!! കരുത്തരെ ഇറക്കി സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ്..!! മൂന്ന് പേര്‍ പട്ടികയില്‍..


 ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുണ്ടിനും കപ്പിനുമിടയിലാണ് കോണ്‍ഗ്രസിന് പീരുമേട് മണ്ഡലം നഷ്ടമായത്. ഹാട്രിക് തിളക്കത്തില്‍ നില്‍ക്കുന്ന സിപിഐയുടെ ഇഎസ് ബിജിമോള്‍ ഇത്തവണ വീണ്ടുമെത്തുമോ എന്ന് വ്യക്തമല്ല. രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി മല്‍സരിക്കരുത് എന്ന നിബന്ധനയില്‍ ഇളവ് നല്‍കിയാല്‍ മാത്രം ബിജിമോള്‍ എത്തും. അതേസമയം, പീരുമേട് നിയമസഭാ മണ്ഡലം എന്തുവില കൊടുത്തും തിരിച്ചുപിടിക്കണമെന്നാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. യുവരക്തം കളത്തിലിറങ്ങിയാല്‍ പീരുമേട് കൂടെ പോരുമെന്നും അവര്‍ കരുതുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുണ്ട്. മൂന്ന് പേരുകളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.


2016ല്‍ തോറ്റ സിറിയക് തോമസ് ആണ് പീരുമേടില്‍ കോണ്‍ഗ്രസ് ആദ്യം പരിഗണിക്കുന്നത്. യുവാക്കളെ നിര്‍ത്തണമെന്ന് ആവശ്യം ശക്തമായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബിജോ മോണിയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസും പട്ടികയിലുണ്ട്. ഇവരില്‍ ആര് എന്ന ചര്‍ച്ചയ്ക്ക് ചൂടേറിയിരിക്കുകയാണ്. അതല്ല മറ്റൊരാളെ കളത്തിലിറക്കണമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ക്ക് വേണ്ടി പ്രചാരണം തുടങ്ങിയിട്ടുണ്ട്.



2006ലാണ് സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം അഗസ്തിയെ തോല്‍പ്പിച്ച് ബിജിമോള്‍ പടയോട്ടം തുടങ്ങിയത്. തുടര്‍ച്ചയായി മൂന്ന് തവണ അവര്‍ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 395 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. ഇത് വേഗം മറികടക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഉയരുന്ന ഭിന്നത തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഉടുമ്പന്‍ചോല മണ്ഡലത്തിലും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാര് എന്ന ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. തര്‍ക്കമുണ്ടെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാ അഭിപ്രായ ഭിന്നതകളും തിരഞ്ഞെടുപ്പിന് മുമ്പേ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

No comments