ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്; തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി..?? എൽഡിഎഫ് ജയിച്ചത് 40,000 വോട്ടിന്.. പക്ഷേ സുധാകരന് ലീഡ്..
കണ്ണൂർ; ഇടതുപക്ഷത്തിന്റെ കോട്ടയാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം. ഒരു തവണ ഒഴിച്ചാൽ എന്നും ചുവന്ന് തന്നെയായിരുന്നു മണ്ഡലത്തിന്റെ നിൽപ്പ്. ഇത്തവണയും മണ്ഡലം നിലനിർത്താൻ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.സിറ്റിംഗ് എംഎൽഎയായ ജെയിംസ് മാത്യു എൽഡിഎഫിന് വേണ്ടി വീണ്ടും മത്സരിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് എംവി ഗോവിന്ദന്റെ പേരാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്. അതേസമയം യുഡിഎഫിന് വേണ്ടി കോൺഗ്രസ് വക്താവ് ഡോ ഷമാ മുഹമ്മദ് സ്ഥാനാർത്ഥിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ഇരിക്കൂർ പഞ്ചായത്ത് തളിപ്പറമ്പ് മണ്ഡലത്തിലായിരുന്ന 1970 ൽ മാത്രമാണ് കോൺഗ്രസിന് ഒരു തവണ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അന്ന് കോൺഗ്രസിലെ സിപി ഗോവിന്ദൻ നമ്പ്യാരായാിരുന്നു മണ്ഡലം പിടിച്ചത്. അതും 909 വോട്ടിന്. 2011 ൽ മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം മാറി. ഇരിക്കൂർ മണ്ഡലത്തിലായിരുന്ന മലപ്പട്ടം തളിപ്പറമ്പ് മണ്ഡലത്തന്റെ ഭാഗമായി.
സിപിഎം ഉറച്ച കോട്ടകളിലൊന്നായ ചെങ്ങളായി പഞ്ചായത്ത് ഇരിക്കൂറിനോട് ചേർന്നു. മറ്റൊരു കോട്ടയായ പട്ടുവം കല്യാശേരിക്കൊപ്പവും ചേർത്തു. എന്നാൽ കോട്ടകൾ കൈവിട്ടപ്പോഴും മണ്ഡലത്തിലെ ഇടതുകോട്ട തർന്നില്ല. 2016 വരെ ഇടതുപക്ഷത്തിനൊപ്പം തന്നെ മണ്ഡലത്തിലെ ജനങ്ങൾ ഉറച്ച് നിന്നു.
നിലവിൽ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂര്‍ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം.2011 ൽ അന്ന് സികെ പദ്മനാഭനെ മാറ്റി ജയിംസ് മാത്യുവിന് അവസരം നൽകിയപ്പോൾ പ്രാദേശിക തലത്തിൽ കടുത്ത എതിർപ്പുയർന്നിരുന്നു.
എന്നാൽ പാർട്ടി പ്രതീക്ഷകൾ ജെയിംസ് മാത്യു അസ്ഥാനത്താക്കിയില്ലെന്ന് മാത്രമല്ല വൻ വിജയം തന്നെ കാഴ്ച വെച്ചു. 2016 ലും ജെയിംസ് മാത്യു വിജയം ആവർത്തിച്ചു. എന്നാൽ രണ്ട് തവണ മത്സരിച്ച ജയിംസ് മാത്യു ഇത്തവണ മാറി നിൽക്കട്ടേയെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മുതിർന്ന നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥിയായേക്കും.
എഐസിസി വക്താവ് ഡോ ഷമാ മുഹമ്മദിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുമഅടെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയാണ് ഷമ. കഴിഞ്ഞ മൂന്ന് വർഷമായി എഐസിസി മാധ്യമ വക്താവാണ് അവർ. ഇത്തവണ യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകണമെന്ന ഹൈക്കമാന്റിന്റെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഷമയുടെ പേര് മണ്ഡലത്തിൽ ഉയരുന്നത്.
ന്യൂനപക്ഷ വിഭാഗത്തില് പെടുന്ന ഷമ മത്സരിക്കുന്നത് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.നേരത്തേ യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് മാണി വിഭാഗമാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇക്കുറി മണ്ഡലത്തിനായി പിജെ ജോസഫ് വിഭാഗം ആവശ്യം ഉയർത്തിയിട്ടുണ്ടെങ്കിലും വിട്ട് നൽകാൻ കോൺഗ്രസ് തയ്യാറല്ല.
അതേസമയം പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന് ഷമാ മുഹമ്മദ് പ്രതികരിച്ചു. കണ്ണൂരിൽ തനിക്ക് മത്സരിക്കാൻ താത്പര്യമുമ്ട്. എന്നാൽ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തിരുമാനിക്കേണ്ടത്. താൻ എഐസിസി വക്താവായാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ പ്രതികരിച്ചു.

No comments