Breaking News

ഇടതിന്റെ കുത്തക സീറ്റില്‍ കോണ്‍ഗ്രസ് കൊടി പാറിക്കുമോ..?? ഒറ്റപ്പാലത്ത് ഡോ. പി സരിന് സാധ്യത..!! ഇത്തവണ കളി മാറും.. രണ്ടും കൽപ്പിച്ച് കോൺഗ്രസ്സ്..

 


പാലക്കാട്: എല്‍ഡിഎഫും യുഡിഎഫും തുല്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേടിയ വന്‍ വിജയങ്ങളാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. പാലക്കാട് നഗരസഭ ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലുമാണ് ബിജെപി കളത്തിലിറങ്ങുന്നത്. എന്നാല്‍ പാലക്കാട്ടെ ഇടത് സീറ്റ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. മൂന്ന് പതിറ്റാണ്ടായി ഇടത് കൈകളിലുള്ള ഒറ്റപ്പാലം സീറ്റാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി വമ്പന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് പാളയത്തില്‍ നടക്കുന്നത്.


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭൂരിപക്ഷവും ഗ്രാമപഞ്ചായത്തുകളും ഇടതിനൊപ്പമായിരുന്നു നിലകൊണ്ടത്. 30 സീറ്റുള്ള ജില്ലാ പഞ്ചായത്തില്‍ 27 സീറ്റും സ്വന്തമാക്കിയാണ് ഇടത് മുന്നണി അധികാരത്തിലേറിയത്. യുഡിഎഫിന് മൂന്ന് അംഗങ്ങള്‍ മാത്രമാണുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതുമുതല്‍ ഇടതുമുന്നണിക്കാണ് ഭരണം ലഭിച്ചിരുന്നത്.


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 12 നിയമസഭ സീറ്റുകളിലും ഒമ്പതിലും വിജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മേധാവിത്വം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇടത് കോട്ടകള്‍ തകര്‍ത്ത് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്.


പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്നത്. മലമ്പുഴ, കോങ്ങാട്, ആലത്തൂര്‍, ചിറ്റൂര്‍, നെന്മാറ, തരൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങല്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന്റെ കോട്ടയായ ഒറ്റപ്പാലമാണ് യുഡിഎഫ് കണ്ണുവച്ചിരിക്കുന്നത്.


എന്നാല്‍ ഇടതുമുന്നണിയാവട്ടെ വിടി ബല്‍റാമിന്റെ തൃത്താലയാണ് കണ്ണുവച്ചിരിക്കുന്നത്. ഇതിനായി എം സ്വരാജ്, എംബി രാജേഷ് ഉള്‍പ്പടെയുള്ള മുന്‍നിര നേതാക്കളെ സിപിഎം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇടതുപക്ഷത്തിന് മേല്‍ക്കൊയ്മയുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയായി വിടി ബല്‍റാമാണ് ഇവിടെ ജയിച്ചിരുന്നത്.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കുത്തകയായ സീറ്റാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം. ഇവിടെ കോണ്‍ഗ്രസിന്റെ യുവ നേതാവിനെ പരീക്ഷിച്ച് മണ്ഡലം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചന.


കെ ശങ്കരനാരായണന് ശേഷം മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ അയയ്ക്കാത്ത മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെയാണ് കോണ്‍ഗ്രസ് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍ ഈ മണ്ഡലം വീണ്ടും നിലനിര്‍ത്തേണ്ടത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.


മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനോ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കിനെയോ മത്സര രംഗത്തേക്കിറക്കാനാണ് സാധ്യത. എന്നാല്‍ ഡോ സരിനാണ് യുഡിഎഫിനായി മത്സരിക്കുന്നതെങ്കില്‍ ഒരു ശക്തമായ മത്സരത്തിന് മണ്ഡലം വേദിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.


അഞ്ച് വര്‍ഷം മുമ്പാണ് ഡോ സരിന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഒറ്റപ്പാലം സ്വദേശി കൂടിയായ സരിന് പ്രാദേശിക പിന്തുണയിലാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും ശ്രദ്ധ തിരിഞ്ഞത്. ഒരു യുവ നേതാവ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് മണ്ഡലം പിടിക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.


സിറ്റിംഗ് എംഎല്‍എയായ പി ഉണ്ണി ഇനിയൊരു മത്സരത്തിനില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. എന്നാല്‍ ജില്ലയിലെ സാമൂദായിക സമവാക്യം പരിഗണിച്ച് ന്യൂനപക്ഷത്ത് നിന്നൊരാള്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം വന്നാല്‍ സുബൈദ ഇസ്ഹാക്കിന് നറുക്ക് വീഴും.


കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായല്‍ നഗരമേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. എന്നാല്‍ പഞ്ചായത്ത് മേഖലകളിലെ പാര്‍ട്ടി വോട്ടില്‍ മണ്ഡലം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

No comments