Breaking News

മലപ്പുറത്ത് ഞെട്ടിക്കാന്‍ ഇടതുപക്ഷം..!! ലീഗിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അമ്പരിപ്പിക്കുമെന്ന് ജലീല്‍..!! മോഹം മാത്രമെന്ന് ലീഗും..


 മലപ്പുറം: സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ബാലികേറാമലയായിട്ടാണ് മലപ്പുറത്തെ എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം മലപ്പുറത്ത് അടക്കം ആവര്‍ത്തിക്കാന്‍ സര്‍പ്രൈസ് നീക്കമാണ് ഒരുങ്ങുന്നത്. ഇക്കാര്യം മന്ത്രി കെടി ജലീലും സ്ഥിരീകരിച്ചു. മുസ്ലീം ലീഗിനെ ഞെട്ടിക്കുന്ന നീക്കം മലപ്പുറത്ത് ഉണ്ടാവുമെന്ന് ജലീല്‍ പറഞ്ഞു. ലീഗിനെ ഞെട്ടിച്ച് ഇപ്രാവശ്യവും ജില്ലയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്ന് ജലീല്‍ വ്യക്തമാക്കി. ലീഗിനെ ടാര്‍ഗറ്റ് ചെയ്ത് സിപിഎം കടുത്ത ആക്രമണം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.


സിപിഎമ്മിന്റെ ആക്രമണം ഒരേസമയം ലീഗിനെയും അതോടൊപ്പം കോണ്‍ഗ്രസിനെയും ദുര്‍ബലമാക്കുകയാണ്. സിപിഎം തീരുമാനമെടുത്താല്‍ താന്‍ അടക്കമുള്ള ജില്ലയിലെ ഇടത് എംഎല്‍എമാരെല്ലാം മത്സരിച്ചേക്കാമെന്നും ജലീല്‍ വ്യക്തമാക്കി. ഇതോടെ തവനൂരില്‍ ജലീല്‍ അടക്കമുള്ളവര്‍ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ തന്നെ ജലീല്‍ മത്സരിക്കുന്ന കാര്യത്തില്‍ സിപിഎം തീരുമാനമെടുത്തതാണ്. തവനൂരില്‍ നിന്ന് ജലീലിനെ മാറ്റിയാല്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുക. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ളവ ഭയന്നാണ് ജലീലിനെ മാറ്റിയതെന്ന സന്ദേശമാകും വോട്ടര്‍മാര്‍ക്ക് ലഭിക്കുക.


കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും രാജിവെച്ച് വരുന്നവരെ സിപിഎമ്മും ഇടതുമുന്നണിയും മലപ്പുറത്ത് മുമ്പ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇവരൊക്കെ വന്‍ മുന്നേറ്റവും ജില്ലയില്‍ നടത്തിയിട്ടുണ്ട്. ഇത്തവണയും ലീഗില്‍ നിന്നടക്കം നേതാക്കള്‍ ഇടതുമുന്നണിയില്‍ എത്തുമെന്ന സൂചനയും ജലീല്‍ നല്‍കുന്നു. നേരത്തെയുള്ളതിന് സമാനമായി ഇപ്രാവശ്യവും ലീഗിനെ അമ്പരപ്പിച്ച് കൊണ്ട് പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും ജലീല്‍ വ്യക്തമാകുന്നു. ഇതോടെ ആരാകും പാര്‍ട്ടി വിട്ട് വരാന്‍ പോകുന്നതെന്ന ചോദ്യവും ബാക്കിയാണ്. നേരത്തെ ഇടതുപക്ഷത്ത് നിന്ന് ധാരാളം പേര്‍ വരുമെന്ന് കെപിഎ മജീദ് പറഞ്ഞിരുന്നു.


അതേസമയം നിലവില്‍ ഇടതുപക്ഷം ജയിച്ച ഒരു മണ്ഡലവും കൈവിടില്ലെന്ന് ജലീല്‍ പറയുന്നു. നിലമ്പൂര്‍, താനൂര്‍, തവനൂര്‍, പൊന്നാനി എന്നിവ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സ്ഥാനാര്‍ത്ഥികള്‍ എത്തുന്നതോടെ കൂടുതല്‍ മണ്ഡലങ്ങല്‍ ഇടതുപക്ഷം പിടിക്കും. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അത് സിപിഎം തീരുമാനിക്കും. ഇതൊക്കെയാണെങ്കിലും അധ്യാപനത്തിലേക്ക് മടങ്ങി പോകണമെന്ന തന്റെ ആഗ്രഹം സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. ജലീല്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സിപിഎം അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

No comments