Breaking News

തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം, ആന്റണി രാജുവിന് സീറ്റില്ല..!! കരുത്തനായ ശിവ കുമാറിനെ നേരിടാന് ശിവന്‍കുട്ടി..!! പോരാട്ടം കടുക്കും..!!


 അനന്തപുരിയില്‍ ശക്തമായ പോരാട്ടത്തിന് സിപിഎം. ഇത്തവണ വി ശിവന്‍കുട്ടിയെ മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം ഈ മണ്ഡലം ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ വിഎസ് ശിവകുമാറിന് മുന്നില്‍ ആന്റണി രാജു തോറ്റ മണ്ഡലമാണിത്. 10905 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ഇത്തവണ ഏത് വിധേനയും ജയിക്കാന്‍ ഉറച്ചാണ് സിപിഎം ഇറങ്ങുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് കഴിഞ്ഞ തവണ 35000 വോട്ടുകളോളം ഇവിടെ നേടിയിരുന്നു.


ഇത്തവണ പക്ഷേ ഘടകകക്ഷികള്‍ക്ക് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറല്ല. ജില്ലയിലെ എംഎല്‍എമാര്‍ക്ക് ഒരവസരം കൂടി നല്‍കുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ആലോചനയുണ്ട്. സിപിഎം മത്സരിച്ചാല്‍ മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലാ കമ്മിറ്റികളും ഇതേ അഭിപ്രായത്തിലാണ്. സംസ്ഥാന സമിതിക്കും സീറ്റ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ല. അതേസമയം ആന്റണി രാജുവിന് പകരം സീറ്റ് നല്‍കും. അതല്ലെങ്കില്‍ ഏതെങ്കിലും പദവി നല്‍കാനും സാധ്യതയുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് സൂചന.


ശിവന്‍കുട്ടി വന്നാല്‍ ശക്തനായ എതിരാളി തന്നെയാവും ശിവകുമാറിനെതിരെ വരിക. നേമത്ത് നേരത്തെ ഒ രാജഗോപാലിനോട് തോറ്റിരുന്നു ശിവന്‍കുട്ടി. നേമത്ത് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. ബിജെപി കുമ്മനം രാജശേഖരനെ തന്നെയാണ് നേമത്ത് ഇറക്കുന്നത്. കോണ്‍ഗ്രസ് മുന്‍നിര നേതാക്കളെ തന്നെ നേമത്ത് മത്സരിപ്പിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെ അടക്കം മത്സരിപ്പിക്കണമെന്ന് നേരത്തെ നേതാക്കളുടെ യോഗത്തില്‍ ആവശ്യമുണ്ടായിരുന്നു. ഇതിനെ ഉമ്മന്‍ ചാണ്ടി എതിര്‍ത്തിരുന്നു. അതേസമയം വിഎം സുധീരന്റെ പേരും പരിഗണനയിലുണ്ട്.


തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ മുന്‍രൂപമായ തിരുവനന്തപുരം വെസ്റ്റിലും സിപിഎം ഇതുവരെ മത്സരിച്ചിട്ടില്ല. 2011ല്‍ വി സുരേന്ദ്രന്‍ പിള്ളയാണ് ശിവകുമാറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടത്. 2006ല്‍ സുരേന്ദ്രന്‍ പിള്ള ഡിഐസി സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിനെപരാജയപ്പെടുത്തിയിരുന്നു. 2001ല്‍ എംവി രാഘവന്‍ ഇവിടെ ആന്റണി രാജുവിനെ പരാജയപ്പെടുത്തിയിരുന്നു. 1996ല്‍ ആന്റണി രാജു ഇവിടെ വിജയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം സിപിഎം തിരുവനന്തപുരത്ത് നിന്ന് സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇടത് അനുകൂല സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. അതാണ് മത്സരിക്കാനുള്ള ആത്മവിശ്വാസം സിപിഎമ്മിന് വര്‍ധിപ്പിച്ചത്.

No comments