പിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്..?? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെ..!! ലക്ഷ്യം മറ്റൊന്ന്..
കണ്ണൂര്‍: 2016ലെ പിണറായി വിജയന്‍ അല്ല 2021ല്‍ ജനവിധി തേടുന്ന പിണറായി വിജയന്‍. പരുക്കനായ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നാണ് 2016ല്‍ കണ്ണൂരിലെ ധര്‍മടത്ത് പിണറായി നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 2016ല്‍ എത്തുമ്പോള്‍ കൂടുതല്‍ സൗമ്യവും ജനകീയവുമായൊരു മുഖവും കേരളത്തിന്റെ ക്യാപ്റ്റന്‍ എന്ന വിളിപ്പേരും പിണറായിക്കുണ്ട്.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന പിണറായി ഇക്കുറിയും ധര്‍മ്മടത്ത് തന്നെയാവും മത്സരിക്കുക. പിണറായിക്ക് എതിരെ ആരെയാവും കോണ്‍ഗ്രസ് ഇക്കുറി കളത്തിലിറക്കുക? പിണറായിയോട് ഇനി ഏറ്റുമുട്ടാനില്ലെന്ന് മമ്പറം ദിവാകരന്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ടീമിലെ അംഗമായ ഷമ മുഹമ്മദിന്റെ പേരാണ് പിണറായിക്കെതിരെ ഉയര്‍ന്ന് കേള്‍ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലങ്ങളിലൊന്നാണ് ധര്‍മ്മടം. ഇടത് കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാവും എല്‍ഡിഎഫില്‍ നിന്ന് ഇക്കുറിയും ജനവിധി തേടുക എന്നതുറപ്പാണ്. എന്നാല്‍ കരുത്തനായ പിണറായിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പക്ഷത്താരുണ്ട് എന്നതൊരു ചോദ്യമാണ്. 2016ല്‍ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍ കാലേകൂട്ടി പിന്മാറ്റം പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
കണ്ണൂരിലെ കെ സുധാകരന്‍ നയിക്കുന്ന പാര്‍ട്ടി നേതൃത്വവുമായുളള അകല്‍ച്ചയാണ് മമ്പറം ദിവാകരന്റെ തീരുമാനത്തിന് പിന്നാല്‍. അതേസമയം പിണറായിക്ക് എതിരെ ഇത്തവണയും ധര്‍മ്മടത്ത് മത്സരിക്കണം എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നത് എങ്കില്‍ അതിന് തയ്യാറാണെന്നും മമ്പറം ദിവാകരന്‍ വ്യക്തമാക്കി. മമ്പറം ദിവാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ എഐസിസി വക്താവ് ഷമ മുഹമ്മദിനാണ് സാധ്യത.
മലയാളി ആണെങ്കിലും ദില്ലി കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ദീര്‍ഘകാലം കോണ്‍ഗ്രസ് വക്താവ് ആയിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഷമ മുഹമ്മദ് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് എത്തുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ടോം വടക്കന്റെ സ്ഥാനത്ത് വക്താവായി ഷമ മുഹമ്മദിനെ നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മലയാളി ശബ്ദമായി നിറഞ്ഞ് നിന്ന ഷമ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ മലയാള ഭാഷ് ഉച്ഛാരണത്തിന്റെ പേരില്‍ അടക്കം പരിഹസിക്കപ്പെട്ടിട്ടുമുണ്ട്. 2018 ഡിസംബറിലാണ് കോണ്‍ഗ്രസില്‍ പത്തംഗ പുതിയ വക്താക്കളുടെ പട്ടികയില്‍ ഷമയും ഇടം പിടിച്ചത്. മാഹി ചെറുകല്ലായി സ്വദേശിയാണ് ഷമ മുഹമ്മദ്.
ധര്‍മ്മടത്ത് പിണറായിക്ക് എതിരെ ഷമയെ മത്സരിപ്പിക്കാന്‍ എഐസിസി താല്‍പര്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ ചുമതലയുളള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ധര്‍മ്മടത്ത് ഷമയെ ഇറക്കാന്‍ കരുക്കള്‍ നീക്കുന്നതെന്നും സൂചനയുണ്ട്. പൂനെയില്‍ താമസിക്കുന്ന ഷമ ഇതോടെ കേരളത്തിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനും സാധ്യതയുണ്ട്.
നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ ഭാഗമായി 2008ല്‍ ആണ് ധര്‍മ്മടം മണ്ഡലം രൂപീകരിക്കപ്പെടുന്നത്. എടക്കാട് മണ്ഡലവും തലശ്ശേരി മണ്ഡലത്തിന്റെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് ധര്‍മ്മടം മണ്ഡലം രൂപീകരിച്ചത്. ഇടത് പക്ഷത്തിന് നിര്‍ണായക സ്വാധീനം മണ്ഡലത്തിലുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ അഞ്ചിലും എല്‍ഡിഎഫ് വിജയിച്ചിരുന്നു.
2011ലാണ് ധര്‍മ്മടത്തെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇടത് പക്ഷത്ത് നിന്ന് കെകെ നാരായണനും യുഡിഎഫില്‍ നിന്ന് മമ്പറം ദിവാകരനും മത്സരിച്ചു. സ്വതന്ത്രനായാണ് യുഡിഎഫി പിന്തുണയോടെ ദിവാകരന്‍ മത്സരിച്ചത്. 53 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. കെകെ നാരായണന് 72354 വോട്ട് ലഭിച്ചപ്പോള്‍ മമ്പറം ദിവാകരന് 57192 വോട്ടുകള്‍ ലഭിച്ചു. 15162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ധര്‍മ്മടം പിടിച്ചു.
16 വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതല വഹിച്ചതിന് ശേഷമാണ് ആദ്യമായി 2016ല്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ മത്സരിക്കാന്‍ ഇറങ്ങിയത്. എതിരാളിയായി മമ്പറം ദിവാകരന്‍ തന്നെ ഇറങ്ങിയപ്പോള്‍ എല്‍ഡിഎഫ് വോട്ട് ഉയര്‍ത്തി. പിണറായിക്ക് 87329 വോട്ടുകളും മമ്പറം ദിവാകരന് 50424 വോട്ടും ലഭിച്ചു. 57 ശതമാനം വോട്ടും നേടി 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിണറായി ജയിച്ചത്.
ഇക്കുറി പിണറായി ഇറങ്ങുമ്പോള്‍ ഭൂരിപക്ഷം ഉയര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമേ സിപിഎമ്മിനുളളൂ. അവിടേക്കാണ് ഷമ മുഹമ്മദിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടുതല്‍ പരിഗണന നല്‍കണം എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. ധര്‍മ്മടത്ത് അല്ലെങ്കില്‍ തളിപ്പറമ്പാണ് ഷമയ്ക്ക് സാധ്യത ഉളള മറ്റൊരു മണ്ഡലം. കണ്ണൂരില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായത് കൊണ്ട് കൂടിയാണ് ജില്ലയിലെ മണ്ഡലങ്ങളില്‍ തന്നെ ഷമയുടെ പേര് ഉയരുന്നത്.

No comments