Breaking News

പിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ രണ്ട് തട്ട്..?? തള്ളാനും കൊള്ളാനും കഴിയാതെ യുഡിഎഫ്..!! ഉടക്കിട്ട് പിജെ ജോസഫും.. നിലപാട്..

 


തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് മുന്നണി വിപുലീകരണത്തിനുള്ള സാധ്യതകൾ യുഡിഎഫ് നേതൃത്വം തേടുന്നത്. പിസി ജോർജിന്റെ ജനപക്ഷം സെക്കുലറിനെ മുന്നണിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് അണിയറിയിൽ ഒരുങ്ങുന്നത്. ജോർജ് എത്തിയാൽ പാലാ ഉൾപ്പെടെയുള്ള കോട്ടയം ജില്ലയിലെ പല മേഖലകളിലും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം വലിയ വെല്ലുവിളി തീർക്കുന്ന സാഹചര്യത്തിൽ. എന്നാൽ ജോർജിനെ മുന്നണിയിലെടുക്കാനുള്ള നീക്കം യുഡിഎഫിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്


തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പിസി ജോർജിനെ മുന്നണിയിൽ എടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയിരുന്നെങ്കിലും ശക്തമായ എതിർപ്പായിരുന്നു പ്രാദേശിക തലത്തിൽ നിന്ന് ഉൾപ്പെടെ ഉയർന്നത്. എന്നാൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സമ്മാനിച്ചതോടെയാണ് ജോർജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ യുഡിഎഫ് വീണ്ടും സജീവമാക്കിയത്.


പിസി ജോർജ് എത്തിയാൽ കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ ജോസ് കെ മാണിക്ക് വെല്ലുവിളി തീർക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമായെങ്കിലും മുന്നണി വിടുന്നത് സംബന്ധിച്ച് എൻസിപി ഇതുവരെ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല. എൻസിപി മുന്നണി വിടാതിരിക്കുകയും ജോസ് തന്നെ പാലായിൽ മത്സരിക്കാൻ എത്തുകയും ചെയ്താൽ യുഡിഎഫ് പ്രതിസന്ധിയിലാകുമെന്ന കാര്യത്തിൽ തർക്കമില്ല.


അങ്ങനെയെങ്കിൽ നിലവിൽ പാലായിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയെന്നത് കോൺഗ്രസിന് എളുപ്പമാകില്ല. മാത്രമല്ല പിജെ ജോസഫ് പക്ഷത്തും ശക്തനായ സ്ഥാനാർത്ഥി ഇല്ല.ഇതോടെ ജോർജിനെ മുന്നണിയിൽ എത്തിച്ച് പാലായിലോ പൂഞ്ഞാറിലോ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.


പാലായിൽ മത്സരിക്കാൻ തയ്യാറാണെന്ന് ജോർജും വ്യക്തമാക്കിയിട്ടുണ്ട്. ജോസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ എത്തിയാൽ താനായിരിക്കും എതിർ സ്ഥാനാർത്ഥിയെന്നും അതേസമയം എൻസിപി യുഡിഎഫിൽ എത്തുകയാണെങ്കിൽ പാലായ്ക്ക് പകരം മറ്റ് സീറ്റുകൾ ആവശ്യപ്പെടുമെന്നുമാണ് ജോർജ് നിലപാട് വ്യക്തമാക്കിയത്.


ഇതിനിടെ ജോർജിനെ മുന്നണിയിൽ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭയിലെ മുതിർന്ന ബിഷപ്പുമാരും നേരിട്ട് കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ വിഷയങ്ങളിലെ ജോർജിന്റെ ഇടപെടലുകളാണ് സഭയുടെ നേരിട്ട് ഉള്ള ഇടപെടലുകൾക്ക് പിന്നിൽ.


അതേസമയം ജോർജിനെ മുന്നണിയിൽ എടുത്താൽ രാജിവെയ്ക്കുമെന്ന ഭീഷണി ഉയർത്തുകയാണ് നേതാക്കൾ. ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ രാജിവയ്ക്കുമെന്നാണ് നിസാര്‍ കുര്‍ബാനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. ഇന്നലെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.


2016 ൽ യുഡിഎഫിന്റെ തുടർഭരണ സാധ്യത ഇല്ലാതാക്കിയത് പിസി ജോർജ് ആണെന്നും പ്രാദേശിക യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎയുമായി സഹകരിച്ച് യുഡിഎഫിനെതിരെ രംഗത്തെത്തിയ നേതാവാണ് പിസി. പണത്തിന്റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനാണ് പിസി ശ്രമിച്ചതെന്നും നേതാക്കൾ വിമർശിക്കുന്നു.


പിസിയെ മുന്നണിയിൽ എടുത്താൽ ഈരാറ്റുപേട്ടയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നിസാര്‍ കുര്‍ബാനി നിലപാട് വ്യക്തമാക്കിയിരുന്നു.


അതേസമയം പിസിയെ മുന്നണിയിലെടുക്കാനുള്ള തിരുമാനത്തിനെതിരെ കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫും രംഗത്തെത്തി. പിസി ജോര്‍ജ്ജിനേയും ജനപക്ഷം പാര്‍ട്ടിയേയും യുഡിഎഫിൽ എടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ജോസഫ് പറഞ്ഞു. ഘടകകക്ഷിയായി ഉൾപ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ജോർജ് വ്യക്തമാക്കി.

No comments