Breaking News

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര..!! മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം..

 


കോട്ടയം: ഒരു കക്ഷിയുമായും ഇനി സഖ്യം വേണ്ട, മല്‍സര രംഗത്ത് തനിച്ച് മതി... ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാം എന്നാണ് കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ജോസ് കെ മാണി പോയതോടെ കോട്ടയത്തെ യുഡിഎഫിന്റെ നിയന്ത്രണം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ കൈകളിലായി. ജോസഫ് ഗ്രൂപ്പിന് ഏതാനും സീറ്റുകള്‍ മാത്രം കൊടുക്കാനാണ് സാധ്യത.


മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും. ഇവിടെ മല്‍സരിക്കാനുള്ള അവസരം തേടുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ക്ക് പാരയാകും ആ രണ്ടു നേതാക്കളുടെ നിലപാടുകള്‍. രസകരമാണ് കോട്ടയം കോണ്‍ഗ്രസിലെ രാഷ്ട്രീയ വിശേഷങ്ങള്‍. വിശദീകരിക്കാം...


2016ല്‍ കെഎം മാണിയും ജോസ് കെ മാണിയും പിജെ ജോസഫുമെല്ലാം ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസ് എം ആയിരുന്നു കോട്ടയത്തെ യുഡിഎഫിനെ നിയന്ത്രിച്ചിരുന്നത്. കെഎം മാണിയുടെ വിയോഗം കേരള കോണ്‍ഗ്രസില്‍ സൃഷ്ടിച്ച നേതൃത്വ വിടവ് ചെറുതല്ല. ശേഷം കൊടി ഏറ്റെടുത്ത ജോസ് കെ മാണി പക്ഷേ അധികനാള്‍ യുഡിഎഫില്‍ നിന്നില്ല.



തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്തേക്ക് മാറി. കൂടെ പോകാന്‍ ജോസഫ് തയ്യാറായില്ല. ജോസ് ഇടതുക്യാമ്പിലും ജോസഫ് വലതുക്യാമ്പിലും പെട്ടു. പിന്നെ കണ്ടത് നേതാക്കളുടെ പരക്കെയുള്ള കൂറുമാറ്റം. പലരും അങ്ങോട്ടും ഇങ്ങോട്ടും മാറി. ആര്‍ക്കൊപ്പം നിന്നാലാണ് മെച്ചം എന്നായിരുന്നു പലരുടേയും നോട്ടം. ആദര്‍ശശാലികളും അനേകം.


ജോസ് പക്ഷം പോയതോടെ പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 2016ല്‍ 6 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മല്‍സരിച്ചത്. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും. ഇത്തവണ ജോസഫ് ഗ്രൂപ്പിന് മൂന്ന് സീറ്റ് മാത്രം നല്‍കിയാല്‍ മതി എന്നാണ് ചര്‍ച്ച. അതിന് ജോസഫ് സമ്മതിക്കാനിടയില്ല. തര്‍ക്കം രൂക്ഷമാകും.


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് ആറ് സീറ്റില്‍ മല്‍സരിക്കാനാണ് ആലോചിക്കുന്നത്. പിജെ ജോസഫ് ഗ്രൂപ്പിന് മൂന്ന് സീറ്റ് നല്‍കിയേക്കും. അധികമായി കൈവരുന്ന മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥിയാര് എന്ന ചോദ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നുകഴിഞ്ഞു. യുവാക്കള്‍ക്ക് പരിഗണന വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഏറെ കാലമായി തഴയപ്പെട്ട മുതിര്‍ന്നവരെ പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്.


ജോസ് പക്ഷം പോയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനുണ്ട്. കൂടുതല്‍ കക്ഷികളെ മുന്നണിയിലെത്തിച്ച് വോട്ടു കിട്ടാനുള്ള വഴി നോക്കണമെന്നും നേതൃത്വം കരുതുന്നു. ഇവിടെയാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജും എന്‍സിപി നേതാവ് മാണി സി കാപ്പനും ചര്‍ച്ചയാകുന്നത്.


കോണ്‍ഗ്രസിന് പിന്നാലെ ചെന്ന് മുന്നണിയിലെടുക്കാന്‍ ആവശ്യപ്പെടില്ല എന്നാണ് പിസി ജോര്‍ജ് പറയുന്നത്. കാര്യങ്ങള്‍ പഠിക്കാന്‍ ജനപക്ഷം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. അടുത്താഴ്ച പാര്‍ട്ടി സുപ്രധാനമായ തീരുമാനമെടുക്കും. ജനപക്ഷത്തെ വലിയൊരു വിഭാഗം നേതാക്കള്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ യുഡിഎഫിന്റെ പ്രാദേശിക ഘടകങ്ങള്‍ എതിര്‍ക്കുകയും ചെയ്യുന്നു.


എന്‍സിപി നേതാവ് മാണി സി കാപ്പന്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്തത് കോണ്‍ഗ്രസിന്റെ അന്തിമ ചര്‍ച്ചകള്‍ വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മല്‍സരിച്ച ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. ഇതിന് പിജെ ജോസഫ് സമ്മതിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റും കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

No comments